കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കടുത്ത നിയന്ത്രണങ്ങൾക്കൊരുങ്ങി മഹാരാഷ്ട്ര

0

മുംബൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി മഹാരാഷ്ട്ര. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 49,447 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. റെക്കോഡ് വർധനവ് രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസം 277 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9,108 പോസിറ്റീവ് കേസുകളുമായി മുംബൈയാണ് കോവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്നത്. പൂനെയിൽ 5778 ഉം നാഗ്പൂരിൽ 2853 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പലയിടങ്ങളിലും ലോക്ക്ഡൗൺ അടക്കം സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും രോഗികളുടെ എണ്ണം കുറയാതെ തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ, ജിമ്മുകൾ, പത്രങ്ങൾ എന്നിവയുടെ ഉടമകളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശനിയാഴ്ച വെർച്വൽ മീറ്റിംഗുകൾ നടത്തിയിരുന്നു. വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ പങ്കുചേരാൻ ഇവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ജിമ്മുകൾ പൂർണ്ണമായും അടച്ചിടാനും മാളുകളിലും തിയേറ്ററുകളിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നാണ് സൂചന.

ഇതിനിടെ ചില മൾട്ടിപ്ലക്‌സ് ഉടമകൾ താൽക്കാലിക ആശുപത്രികൾക്കായി തങ്ങളുടെ തീയേറ്ററുകള്‍ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ കോവിഡ് പ്രതിദിന കേസുകളിൽ പകുതിയും മഹാരാഷ്ട്രയിൽ നിന്നായ സാഹചര്യത്തിൽ, വ്യാവസായിക ഉപയോഗത്തിനടക്കമുള്ള ഓക്സിജന്‍ വിതരണം, വൈദ്യ ഉപയോഗത്തിനായി തിരിച്ചുവിടാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചത്. മഹാമാരിയെ നേരിടാൻ കർശന നടപടികൾ ഉടൻ തന്നെ സർക്കാർ സ്വീകരിക്കുമെന്നും എന്നാൽ സംസ്ഥാനവ്യാപകമായി ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നുമാണ് വിവിധ മേഖലകളിലെ ആളുകളുമായി നടത്തിയ ഓൺലൈൻ ആശയവിനിമയത്തിൽ താക്കറെ വ്യക്തമാക്കിയത്.ഇ-ഐസിയുവുകൾ തുറക്കുക, ടെലിമെഡിസിൻ ഉപയോഗം വർദ്ധിപ്പിക്കുക തുടങ്ങിയ നടപടികളും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ആരുടെയെങ്കിലും ഉപജീവനമാർഗം തട്ടിയെടുക്കേണ്ട അവസ്ഥ വന്നാൽ, വേദനയുണ്ടാകും. എന്നാൽ ഒരു ജീവൻ അല്ലെങ്കിൽ ജോലി സംരക്ഷിക്കണമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായാൽ മുൻഗണന നൽകേണ്ടത് ജീവിതത്തിന് തന്നെയാണ്’. താക്കറെ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!