ഗോവർദ്ധൻ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ട്രൈബൽ ടാസ്ക് ഫോഴ്സ്, ട്രൈബൽ കാഡറ്റ് കോർപ്സ് എന്നിവ രൂപീകരിച്ചു

0

 

ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി-ഗോത്ര വിഭാഗങ്ങൾക്ക് നീതിയിലേക്ക് വഴി തുറക്കാൻ പുറം ലോകവുമായുള്ള സമ്പർക്കം പ്രധാനമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അഭിപ്രായപ്പെട്ടു.

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) യുടെ ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായുള്ള ഉന്നതി സംഗമം
സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നീതിയിലേക്ക് വഴി തുറക്കാൻ നീതിയെയും അനീതിയേയും കുറിച്ച് അറിയേണ്ടതുണ്ട്. അതിന് പുറം ലോകവുമായും വ്യത്യസ്തമായ സാംസ്കാരികതകളോടും സമ്പർക്കം പുലർത്തണം. അതുവഴി ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ, നീതി, നീതി നിഷേധം എന്നിവയെക്കുറിച്ച് അറിയാൻ കഴിയും,” ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വ്യത്യസ്ത സംസ്കാരമുള്ളവരുടെ സമ്പർക്കം സാധ്യമാക്കാനാണ് കെൽസയുടെ ആഭിമുഖ്യത്തിൽ വയനാട്ടിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളെയും ലക്ഷദ്വീപ് മിനിക്കോയിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളെയും ഹൈക്കോടതിയിലേക്ക് ക്ഷണിച്ചു സമ്പർക്ക പരിപാടി സംഘടിപ്പിച്ചത്.

പട്ടികവർഗ വിഭാഗത്തിനായുള്ള അനവധി സർക്കാർ ക്ഷേമ പദ്ധതികൾ ഉണ്ടെങ്കിലും എല്ലാവർക്കും ഇതെക്കുറിച്ച് വേണ്ടത്ര അറിവില്ല. ഇക്കാര്യങ്ങളിൽ ബോധവൽക്കരണം നടത്തുക, നിയമ സഹായം നൽകുക എന്നിവയാണ് ഗോത്രവർദ്ധൻ പദ്ധതിയുടെ ഉദ്ദേശ്യം. വയനാടിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് ഗോത്രവർദ്ധൻ പദ്ധതിയെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

കേരള ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഗോത്ര വിഭാഗത്തിന് അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും സർക്കാർ പദ്ധതികളും അവരുടെ ഇടയിൽ എത്തിച്ച് ഗോത്ര വിഭാഗത്തിന്റെ ജീവിതനിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഹൈക്കോടതി ജസ്റ്റിസ് സി പ്രദീപ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ട്രൈബൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചതായി ജസ്റ്റിസ് പ്രദീപ്‌കുമാർ പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി അധ്യക്ഷനായ ടാസ്ക് ഫോഴ്സിൽ ജില്ലാ കളക്ടർ ഉൾപ്പെടെ അംഗങ്ങളാണ്. ഇതിന് പുറമെ ഓരോ ആദിവാസി ഉന്നതിയിലും സന്ദർശനം നടത്തി ആദിവാസി ജനത നീതിനിഷേധം അനുഭവിക്കുന്നുണ്ടോ എന്ന് സർവേ നടത്തി കണ്ടെത്താൻ ട്രൈബൽ കാഡറ്റ് കോർപ്സും രൂപീകരിച്ചിട്ടുണ്ട്. ഊര് മൂപ്പൻ, വാർഡ് അംഗം, ട്രൈബൽ പ്രൊമോട്ടർ, പാരാലീഗൽ വളണ്ടിയർ എന്നിവർ ഇതിൽ അംഗങ്ങളാണ്.

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഇ അയൂബ് ഖാൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ്, ഐടിഡിപി പ്രൊജക്റ്റ്‌ ഓഫീസർ ജി പ്രമോദ്, പി സുധീർ കുമാർ (വനിത ശിശു ക്ഷേമ വകുപ്പ്), പ്രജിത്ത് (സാമൂഹ്യ നീതി വകുപ്പ്), റെക്ടറും ഡോൺ ബോസ്കോ കോളേജ് മാനേജരുമായ ഫാ. ആന്റണി തെക്കേടത്ത് എന്നിവർ സംസാരിച്ചു.

കെൽസ മെമ്പർ സെക്രട്ടറി സി എസ് മോഹിത് സ്വാഗതവും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡെൽസ) വയനാട് സെക്രട്ടറി അനീഷ് ചാക്കോ നന്ദിയും പറഞ്ഞു.

ഗോത്ര ജനവിഭാഗങ്ങൾക്കായി നടത്തിയ ഉന്നതി പരിപാടിയിൽ മെഡിക്കൽ ക്യാമ്പ്, ആധാർ രജിസ്ട്രേഷൻ കൗണ്ടർ, റേഷൻ കാർഡ് രജിസ്ട്രേഷൻ കൗണ്ടർ, കലാപരിപാടികൾ, നിരവധി വകുപ്പുകളുടെ സ്റ്റാളുകൾ, നിയമ ബോധവൽക്കരണ ക്ലാസ്സ് തുടങ്ങിയവയും ഉണ്ടായിരുന്നു.

പരിപാടിയ്ക്ക് ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും ഉൾപ്പെട്ട സംഘം സുൽത്താൻ ബത്തേരി വീട്ടികുറ്റിയിലെ കുറുമ ഉന്നതി സന്ദർശിച്ചു അന്തേവാസികളുമായി ആശയവിനിമയം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!