വയനാട് ജില്ലയിലെ അതിദരിദ്ര പട്ടികയിൽ ഇനി അവശേഷിക്കുന്നത് 409 കുടുംബങ്ങൾ മാത്രം. നാല് വർഷം മുൻപ് തുടങ്ങിയ അതിദരിദ്ര ലഘൂകരണ യജ്ഞത്തിലൂടെ 2045 കുടുംബങ്ങളെയാണ് മുക്തരാക്കിയത്. ഇവർക്ക് ആവശ്യമുള്ള ആരോഗ്യം, പാർപ്പിടം, ഭക്ഷണം, വരുമാനം എന്നിവ എത്തിച്ചുനൽകിയാണ് ഇത്രയും കുടുംബങ്ങളെ അതിദരിദ്ര പട്ടികയിൽ നിന്നും മോചിപ്പിച്ചത്.
2021 ൽ ജില്ലയിൽ ആകെ 2931 കുടുംബങ്ങൾ ആയിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. 201പട്ടികജാതി കുടുംബങ്ങളും 1028 പട്ടികവര്‍ഗ കുടുംബങ്ങളും 1695 ജനറല്‍ വിഭാഗം കുടുംബങ്ങളും ഉൾപ്പെടെയാണിത്. ഇതിൽ സർക്കാർ സേവനങ്ങൾ ആവശ്യമുള്ളവർ 2454 കുടുംബങ്ങൾ ആയിരുന്നു. ബാക്കി സർക്കാർ രേഖകൾ കൈവശം ഇല്ലാത്തവരും മരണപ്പെട്ടവരും മറ്റും ആയിരുന്നു.
ഈ 2454 കുടുംബങ്ങൾക്ക് വേണ്ട വിധമുള്ള മൈക്രോ പ്ലാൻ തയാറാക്കിയാണ് അവരിൽ 2045 പേരെ അതിദരിദ്ര ലഘൂകരണ യജ്ഞത്തിലൂടെ പട്ടികയിൽ നിന്ന് മോചിപ്പിച്ചത്.
നിലവിൽ ആരോഗ്യം, ഭക്ഷണം, വരുമാനം എന്നിവ ആവശ്യമുള്ള ഒരു കുടുംബം പോലും ജില്ലയിലെ അതിദാരിദ്ര്യ പട്ടികയിലില്ല. നിലവിൽ പട്ടികയിലുള്ള 409 കുടുംബങ്ങൾക്കും വേണ്ടത് പാർപ്പിടമാണ്. ഇതിനുവേണ്ടിയുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ വർഷം നവംബറോടെ സമ്പൂർണ അതിദാരിദ്ര്യ മുക്തമാകുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് തലത്തിൽ തരിയോട് 100% അതിദാരിദ്ര്യ മുക്തമായി. തൊണ്ടർനാട് (97.8%), വെങ്ങപ്പള്ളി (97.72%), മീനങ്ങാടി (97.40%), പൊഴുതന (94.73%), തിരുനെല്ലി (94.33%) എന്നീ ഗ്രാമപഞ്ചായത്തുകൾ തൊട്ടുപുറകിലുണ്ട്.