വിദ്യാർഥികൾക്ക് നാടിൻ്റെ യാത്രാമൊഴി
സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയോടെ പൂർത്തിയായി. വാഴപ്ലാൻകുടി ബിനുവിൻ്റെ മകൻ അജിൻ ബിനു, കളപ്പുരക്കൻ വിനീഷിൻ്റെ മകൻ ക്രിസ്റ്റി വിനീഷ് എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് രണ്ട് വിദ്യാർഥികളും അപകടത്തിൽപ്പെട്ടത്. വളാട് പുലിക്കാട് കടവിൽ കുളിക്കാനിറങ്ങിയ അജിൻ ബിനുവും ക്രിസ്റ്റി വിനീഷും ചെക്ക് ഡിമിൻ്റെ സമീപം മുങ്ങി പോവുകയായിരുന്നു. കുട്ടികളുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഖത്തിലാഴ്ത്തി. താങ്ങും തണലുമാകേണ്ട മക്കളെയാണ് രണ്ട് കുടുംബങ്ങൾക്ക് നഷ്ടമായത്. അജിൻ ബിനുവിൻ്റെ പിതാവ് ബിനു മരണപ്പെട്ടിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. കുടുംബനാഥൻ നഷ്ടപ്പെട്ട വേദന മാറുന്നതിന് മുൻപാണ് ഇപ്പോൾ മകനെയും നഷ്ടമായത്. മരിച്ച ക്രിസ്റ്റിയും അജിനും ബന്ധുക്കളാണ്. പത്താം ക്ലാസ് ഫലം കാത്തിരിക്കേയാണ് അജിനെ മരണം കവർന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീടുകളിൽ എത്തിച്ച മൃതദേഹങ്ങളിൽ ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു. യവനാർകുളം സെൻ്റ് മേരീസ് പള്ളിയിൽ ഉച്ചക്ക് രണ്ടരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി