സാമൂഹ്യവിരുദ്ധര്‍ സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു
തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം സമാന രീതിയില്‍ തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ജനല്‍ ചില്ലുകളും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു.
തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിര്‍മാണം പൂര്‍ത്തിയായ സയന്‍സ് ലാബിന്റെ ജില്ലുകളാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. ജനല്‍ ചില്ല് തകര്‍ത്ത സാമൂഹ്യ വിരുദ്ധര്‍ വാതില്‍ ചവിട്ടി പൊളിക്കാനും ശ്രമിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ലാബിന്റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം ഉണ്ടായിരിക്കുന്നത്.
സ്‌കൂളിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ രാത്രി സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ മാസമാണ് തേറ്റമല സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു