ജില്ലയിലെ ചെക്ക് ഡാമുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും: ജില്ലാ വികസന സമിതി

0

 

ജില്ലയില്‍ കൃഷിയാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്ര ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ നെല്‍കൃഷി ചെയ്യാന്‍ ജലസേചന പദ്ധതി മുഖേന ജല ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ വകുപ്പുകള്‍ നടപ്പാക്കണമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാദേശികതല ജലസ്രോതസ്സുകളിലെ ഗതി പുന:സ്ഥാപിക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുണ്ട്. മഴ ശക്തിമാവുന്നതിനകമ അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിക്കാന്‍ ട്രീ കമ്മിറ്റികള്‍ ചേര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കണം. ജില്ലയില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് – പോലീസ് – ആരോഗ്യം – വിദ്യാഭ്യാസം – പഞ്ചായത്ത് – സാമൂഹിക നീതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് – കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ജനങ്കീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മനുഷ്യ-വന്യജീവി ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് വെട്ടി നീക്കാന്‍ നിര്‍ദ്ദേശിച്ചിട്ടു ചെയ്യാത്തവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കെ.എല്‍.ആര്‍ നിയമ പ്രകാരം എസ്റ്റേറ്റ് തോട്ടങ്ങള്‍ പരിപാലിക്കാതെ കാട് മൂടിയാല്‍ അത്തരം ഭൂമി സര്‍ക്കാറിലേക്ക് ഏറ്റെടുക്കാന്‍ സാധിക്കും. പരിപാലിക്കാതെ കാട് മൂടിയ രീതിയില്‍ കണ്ടെത്തിയ എസ്റ്റേറ്റുകളുടെ വിവരം സര്‍ക്കാറിലേക്ക് അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാനും അധ്യയന വര്‍ഷാരംഭത്തിനകം ഉന്നതികള്‍ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തതോടെ ഭവന സന്ദര്‍ശനം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കുട്ടികളില്‍ കൃഷി ആഭിമുഖ്യം വളര്‍ത്തി വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ സ്‌കൂളുകളില്‍ കൃഷിക്കൂട്ടം നൂതന പദ്ധതി നടപ്പിലാക്കും. പദ്ധതിക്കായി സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധികളിലെ നാല് സ്‌കൂളുകളെ തെരഞ്ഞെടുത്തു. സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന സ്‌കൂള്‍, പനമരം ജി എല്‍ പി സ്‌കൂള്‍, എടവക എ എന്‍ എം യു പി സ്‌കൂള്‍, വൈത്തിരി പഞ്ചായത്തിലെ സെന്റ് ജോസഫ് യു പി സ്‌കൂളുകളില്‍ ജൂണ്‍ മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു. എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!