തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്.
എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയയില്‍ ആണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.
1886 മെയ് ഒന്നിന് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി. തുടര്‍ന്ന്, മെയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാന്‍ ആരംഭിച്ചത്.
തൊഴില്‍ അവകാശങ്ങള്‍ നേടുന്നതിനപ്പുറം കര്‍ഷകര്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളുമായി കൈകോര്‍ത്ത് പുത്തനൊരു ഉണര്‍വിലേക്ക് സംഘടിത തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റത് ആ പോരാട്ടത്തിലൂടെയായിരുന്നു. സാമൂഹ്യവ്യവസ്ഥയേയും ഭരണക്രമത്തേയും തന്നെ മാറ്റിമറിക്കാന്‍ കഴിയുംവിധമുള്ള ശക്തിയായി തൊഴിലാളി വര്‍ഗം പിന്നീട് മാറി.