ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണം – ഡി.എം.ഒ

0

ജില്ലയില്‍ ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ദിനീഷ് പറഞ്ഞു. പ്രത്യേകിച്ചും ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. ദേശീയ ഡെങ്കിപ്പനി ദിനം മുതല്‍ കൊതുക്ജന്യ രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി പരിസര ശുചീകരണം, ഉറവിട നശികരണം, ശുചിത്വ ഹര്‍ത്താല്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പി ക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.

‘ഡെങ്കിപ്പനിയെ തോല്‍പ്പിക്കാന്‍ കൂട്ടായ പടയൊരുക്കം’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ സന്ദേശം. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടണം. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും, രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കുമെന്നും ഡി എം ഒ വ്യക്തമാക്കി.

എന്താണ് ഡെങ്കിപ്പനി

ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദ്ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. പനി കുറയുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ എന്നിവയുണ്ടാകുന്നുവെങ്കില്‍ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയില്‍ എത്തിക്കണം. പ്രായാധിക്യമുള്ളവര്‍, ഒരു വയസിനു താഴെയുള്ള കുട്ടികള്‍, പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഡെങ്കിപ്പനിയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കേണ്ടതാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര്‍ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകു വലക്കുള്ളില്‍ ആയിരിക്കണം. ഡെങ്കിപ്പനി ബാധിതര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാന്‍ സഹായിക്കും.

പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുക് വളരാതിരിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കെട്ടി നിര്‍ത്തരുത്. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്ളവര്‍വേസുകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റണം. വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടി വയ്ക്കുക. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടച്ചിടുക. പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കുക.

ദേശീയ ഡെങ്കിപ്പനി ദിനാചരണവും ആശുപത്രി ശുചീകരണവും നടത്തി

ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആശുപത്രി ശുചീകരണവും വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടത്തി. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ ഡോ. അര്‍ജുന്‍ ജോസ് വിഷയാവതരണം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ മലേറിയ ഓഫീസര്‍ സി.സി ബാലന്‍, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.രാമദാസ്, നഴ്‌സിംഗ് സൂപ്രണ്ട് ബിനുമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.നൗഷ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് കോമ്പൗണ്ട് ശുചീകരണത്തില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!