വയനാട് വിഷൻ്റെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

0

കേരളത്തിലെ പ്രാദേശിക മാധ്യമ രംഗത്ത് മുൻ നിരയിലുള്ള വയനാട് വിഷൻ പതിനഞ്ചാം പിറന്നാൾ നിറവിലാണ്. കൽപ്പറ്റ ഹോട്ടൽ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ ലളിതവും പ്രൗഢവുമായ ചടങ്ങിലാണ് പതിനഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വയനാടിൻ്റെ പ്രതിസന്ധികളിൽ ഒപ്പം നടന്ന് അവക്ക് പരിഹാരം കാണാൻ ഭരണകൂട ഭരണാധികാരികൾക്കും ശക്തി പകരുന്നതാണ് വയനാട് വിഷൻ്റെ മാധ്യമ പ്രവർത്തനത്തെ വേറിട്ടതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൽപ്പറ്റ എം.എൽ. എ അഡ്വ.ടി.സിദ്ദീഖ് മുഖ്യാതിഥിയായി. പ്രത്യേക ശ്രദ്ധ വേണ്ട ഇടമായ വയനാടിന് കരുതലും കരുത്തും പകരുന്നതുമായ അർത്ഥവത്തായ ഇടപെടലാണ് വയനാട് വിഷൻ്റേത് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സവിശേഷമായതും മാതൃക പരവുമായ മാധ്യമ സംരംഭമാണ് വയനാട് വിഷനും കേരള വിഷനുമെന്ന് സമ്മേളനത്തിൽ അധ്യക്ഷ വഹിച്ച കേരള വിഷൻ ചെയർമാൻ കെ.ഗോവിന്ദന്‍പറഞ്ഞു. നന്മയായതിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും തിന്മകളെ കണ്ടെത്തി തിരുത്താൻ ഭരണാധികൾക്ക് മുമ്പിലെത്തിക്കുന്നതുമായ മാതൃകാപരമായ പ്രവർത്തനമാണ് വയനാട് വിഷൻ നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കേരള വിഷൻ്റെ എൻ.എച്ച് .അൻവർ സ്മാരക അവാർഡ്‌ നേടിയ വയനാട് വിഷൻ ചീഫ് എഡിറ്റർ വി. കെ. രഘുനാഥ്, ക്യാമറാമാൻ അനീഷ് നിള, വിഷ്വൽ എഡിറ്റർ സഞ്ജയ് ശങ്കര നാരായണൻ , വേരുകൾ പ്രോഗ്രാം പ്രൊഡ്യൂസർ ശ്രുതി കെ.ഷാജി എന്നിവരെ എം.എൽ.എ.മാരും വിശിഷ്ടാതിഥികളും ചേർന്ന് പുരസ്കാരം നൽകി ആദരിച്ചു. കൽപ്പറ്റ നഗര സഭ കൗൺസിലർ സി.കെ.ശിവരാമൻ, സി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് എം. മൻസൂർ , കേരള വിഷൻ സഹ സംരംഭമായ സിഡ്കോ പ്രസിഡണ്ട് വിജയകൃഷ്ണൻ തുടങ്ങിയ വരുടെ മഹനീയ സാന്നിധ്യത്തിലാണ് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. വയനാട് വിഷൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മികച്ച പ്രതികളായ റിയാസ് നടു വീട്ടിൽ, സന്ദീപ് സത്യ,, അരുൺകുമാർ എന്നിവരെയും റിപ്പോർട്ടർമാരായ ഷെരീഫ് മീനങ്ങാടി, സി.കെ.ചന്ദ്രൻ , സുരേഷ് തലപ്പുഴ, ബെന്നി പുൽപ്പള്ളി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സി.ഒ.എ. ജില്ലാ സെക്രട്ടറി അഷ്റഫ് പൂക്കയിൽ സ്വാഗതവും വയനാട് വിഷൻ മാനേജിംഗ് ഡയറക്ടർ പി.എം.ഏലിയാസ് നന്ദിയും പറഞ്ഞു. .
വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.എസ്.ഗിരീഷ്, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് ഇ .ഹൈദ്രു എന്നിവരും പൊതുസമ്മേളനത്തിൽ വയനാട് വിഷൻ പതിനഞ്ചാം വാർഷികാഘോഷത്തിന് ആശംസകൾ നേർന്നു.പൊതുസമ്മേളനത്തോടനുബന്ധിച്ച് സംഗീത വിരുന്നും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!