സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ തെക്കന്‍ ജില്ലകളിലും ശക്തമായ വേനല്‍ മഴ ലഭിക്കും.
മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയും ഉണ്ടാകും. ഇന്ന് പത്തനംതിട്ട, നാളെ തിരുവനന്തപുരം, പത്തനംതിട്ട, വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 65 മുതല്‍ 115 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് 0.5 മുതല്‍ 1.2 മീറ്റര്‍ വരെയും, തെക്കന്‍ തമിഴ്നാട് തീരത്ത് 0.7 മുതല്‍ 1.1 മീറ്റര്‍ വരെയും തിരമാല ഉയരും.