സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപം; പഞ്ചായത്തിനെതിരെ എല്‍ഡിഎഫ്

0

 

നാട്ടില്‍ വികസന പ്രശ്നങ്ങള്‍ നിലനില്‍ക്കേ പൂതാടി ഗ്രാമപ്പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍നിന്നും 2.64 കോടി രൂപ പൂതാടി സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥിരമിക്ഷേപമിടാനുള്ള നീക്കം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ്. പൂതാടി പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍. വീടുകള്‍ നിര്‍മിക്കാനോ, അറ്റകുറ്റപ്പണികള്‍ നടത്താനോ ഫണ്ട് അനുവദിക്കാതെയും കുടിവെള്ളം വിതരണം ചെയ്യാന്‍ നടപടിയെടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സ്ഥിരനിക്ഷേപത്തിന് ശ്രമിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 13.68 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പഞ്ചായത്ത് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 6.41 കോടി രൂപ മാത്രമേ ചെലവഴിക്കാന്‍ സാധിച്ചുള്ളു. 7.27 കോടി രൂപയാണ് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലം നഷ്ടപ്പെടുത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ മേയ് 17ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന സമയത്തുപോലും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനോ, കേടായത് മാറ്റിസ്ഥാപിക്കുന്നതിനോ ഭരണസമിതി തയ്യാറാവുന്നില്ല. ഗ്രാമീണ റോഡുകളാകെ പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഭരണകക്ഷിയംഗങ്ങള്‍ക്കിടിയെ അധികാര തകര്‍ക്കം പഞ്ചായത്തിന്റെ ഭരണത്തെ സാരമായി ബാധിക്കുന്നുണ്ട്. കഴിവുകെട്ട ഈ ഭരണസമിതി എത്രയും വേഗം രാജിവെച്ച് ഒഴിഞ്ഞ് പൂതാടിയുടെ വികസന മുരടിപ്പിന് പരിഹാരം കാണണം. എ.വി. ജയന്‍, രക്മിണി സുബ്രഹ്‌മണ്യന്‍, ഇ.കെ. ബാലകൃഷ്ണന്‍, പി.സി. ഗോപാലന്‍, വി.ജെ. ജോയി, ഷിജി ഷിബു, കെ.എ. റിയാസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!