മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രവും കേസ് അന്വേഷണവും ദുർബലമെന്ന് കാണിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്
കത്ത് നൽകി. അന്വേഷണസംഘം സമ്മർപ്പിച്ച കുറ്റപത്രവുമായി മുന്നോട്ടുപോയാൽ കോടതിയിൽ കേസ് ദുർബലമാകുമെന്നും തുടരന്വേഷണത്തിന് അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കണമെന്നും കത്തിൽ ആവശ്യം. മരംമുറിനടന്ന സമയത്തെ കലക്ടർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നുംകത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 ഡിസംബര്‍ നാലിനാണ് പ്രത്യേക അന്വേഷണ സംഘം സുൽത്താൻ ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യത്ത് ആദ്യമായി തടികളുടെ ഡി.എൻ.എ പരിശോധനാഫലവും ഉള്‍പ്പെടുത്തി
86,000 പേജുവരുന്ന കുറ്റപത്രം ദുര്‍ബലമാണെന്നും കേസിന്റെ വിജയകരമായ നടത്തിപ്പിനു പര്യാപ്തമല്ലെന്നുമാണ് പറയപ്പെടുന്നത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന് കേസില്‍ തുടരന്വേഷണം നടത്തി പഴുതുകള്‍ അടച്ച കുറ്റപത്രം സമര്‍പ്പിക്കണം. അനധികൃത മരംമുറി നടന്ന കാലത്തെ ജില്ല കലക്ടര്‍ ഉള്‍പ്പെടെ റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലരെ വിശദമായി ചോദ്യംചെയ്യണം. ഇത്തരത്തിലുള്ള നടപടികളൊന്നും അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകാത്തത് കേസ് ദുർബലമാക്കുമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
കത്തിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി അടിയന്തര വിഡിയോ കോൺഫറൻസ് ചേർന്നിരുന്നു. ഗവ. പ്രോസിക്യൂട്ടറും രണ്ട് എസ്.പിമാരും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുമാണ് യോഗത്തിൽ പങ്കെടുത്തത്. തുടരന്വേഷണം നടത്താതെയും അഡീഷനൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതെയും കേസ് മുന്നോട്ടുപോകാനാകില്ലെന്നാണ് പ്രോസിക്യൂട്ടർ യോഗത്തിൽ അറിയിച്ചത്. വനം വകുപ്പ് കേസ് ചാർജ് ചെയ്യാത്തത് ഉൾപ്പടെയുള്ള അപാകതകളും പ്രധാനപ്പെട്ട പലരേയും ചോദ്യം ചെയ്യാത്തതുമടക്കമുള്ള വീഴ്ചകളുംപ്രോസിക്യൂട്ടർ യോഗത്തിൽ ചൂണ്ടിക്കാട്ടി. വീഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ 18ന് വീണ്ടും യോഗം ചേരും.