നടവയല്‍ സിഎം കോളജിലെ സംഘര്‍ഷം, പോലീസ് നാളെ 3 മണിക്ക് കോളേജില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കും.ഇന്നലെ വൈകിട്ട് നടവയല്‍ ടൗണില്‍ വെച്ച് നടന്ന സംഘര്‍ഷത്തില്‍എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ് അടക്കം ആറോളം പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു.നടവയല്‍ സിഎം കോളജില്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി ഫീസ് വാങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ചര്‍ച്ച ചെയ്യാനും എത്തിയ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്,ഏരിയ സെക്രട്ടറി കെ. നിധിന്‍ എന്നിവരെ കോളജില്‍ വച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.
സംഭമറിഞ്ഞ് പുറമേ നിന്ന് വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയതോടെ നടവയലില്‍ വക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയായി. ഇതറിഞ്ഞ് പനമരം കേണിച്ചിറ എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് എത്തിയെങ്കിലും ബഹളം നിയന്ത്രിക്കാനായില്ല. പ്രശ്‌നക്കാരെ സംഭവസ്ഥലത്തു നിന്നും മാറ്റുന്നതിനായി പൊലീസിന് ലാത്തി വീശേണ്ടി വന്നു.
വീശേണ്ടി വന്നു.ഇതിനിടെ കമ്പളക്കാട് നിന്നെത്തിയ സിറാജ് (30) ന് തലയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണിലുണ്ടായ സംഘര്‍ഷത്തിനിടെ ടൗണിലുണ്ടായിരുന്ന ഒരു ബൈക്കിനും റേഷന്‍ കടയുടെ ഗ്രില്ലിനും കേടുപാടുകള്‍ പറ്റി. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് ആളുകള്‍ പിരിഞ്ഞത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ പുറത്തു നിന്ന് ആളുകളെത്തുന്നതാണ് സംഭവം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു നാടിന്റെ മുഴുവന്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് പോലീസിന്റെ നേതൃത്വത്തില്‍ നാളെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും , കോളേജ് അധികൃതരുടേയും യോഗം വിളിച്ച് ചേര്‍ക്കുന്നത്.