മലയോര ഹൈവേ; മാനന്തവാടിയില്‍ മെയ് 17 മുതല്‍ ഗതാഗത നിയന്ത്രണം
മലയോര ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരത്തില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തും. നഗരത്തിലെ ഗാന്ധിപാര്‍ക്കു മുതല്‍ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള പണി വെള്ളിയാഴ്ച തുടങ്ങും. മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതുവരെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ സ്റ്റാന്‍ഡ് ഉപയോഗിക്കാം. ചൂട്ടക്കടവ് റോഡില്‍ നിലവില്‍ പാര്‍ക്കു ചെയ്യുന്ന ജീപ്പുകള്‍ അല്പം താഴേക്കു മാറി തവിഞ്ഞാല്‍ ഭാഗത്തേക്കുള്ള റോഡരികിലേക്ക് മാറ്റി പാര്‍ക്കു ചെയ്യണം. റോഡുപണി കഴിയുന്നതുവരെ സെയ്ന്റ ജോസഫ്സ് റോഡു വഴി ടു വേയായി വാഹനങ്ങള്‍ കടത്തിവിടുംമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എരുമത്തെരുവ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ബ്ലോക്ക് ഓഫീസ് റോഡുവഴി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കു പ്രവേശിക്കണം. ബസുകള്‍ സ്റ്റാന്‍ഡില്‍ ആളുകളെ ഇറക്കിയ ശേഷം താഴെയങ്ങാടി റോഡുവഴി പോസ്റ്റ് ഓഫീസ് കവലയില്‍ പ്രവേശിച്ച് ചൂട്ടക്കടവ്- ഫാ.ജി.കെ.എം. സ്‌കൂള്‍ റോഡുവഴി തിരിച്ചു പോകണം.നാലാംമൈല്‍, കല്ലോടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച ശേഷം നഗരം ചുറ്റാതെ അതുവഴി തന്നെ തിരിച്ചുപോകണം. മൈസൂരു റോഡ്, കൊയിലേരി ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ സെയ്ന്റ് ജോസഫ്‌സ് റോഡുവഴി ബസ് സ്റ്റാന്‍ഡ് ഭാഗത്ത് എത്തുകയും അതുവഴി തന്നെ തിരിച്ചു പോവുകയും ചെയ്യണം. ഗാന്ധിപാര്‍ക്കില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വണ്‍വേ ആയി ക്ലബ്ബുകുന്ന് റോഡിലൂടെ ചൂട്ടക്കടവ് റോഡില്‍ പ്രവേശിക്കാം. തവിഞ്ഞാല്‍ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ താഴെയങ്ങാടി റോഡുവഴി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും അതുവഴി തന്നെ തിരിച്ചുപോവുകയും ചെയ്യണം.
മൈസൂരു റോഡില്‍ നിന്നു കല്പറ്റ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ചെറ്റപ്പാലം- വള്ളിയൂര്‍ക്കാവ് ബൈപ്പാസ് വഴി മാനന്തവാടി- കൈതയ്ക്കല്‍ റോഡില്‍ പ്രവേശിക്കണം. തലപ്പുഴ ഭാഗത്തേക്കുള്ള ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ ചെറ്റപ്പാലം ബൈപ്പാസ് വഴി എരുമത്തെരുവ് വഴി കടന്നുപോകണം. നഗരസഭാ ഉപാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്ഥിരംസമിതിയധ്യക്ഷന്‍ പി.വി.എസ്. മൂസ, കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, എം. നാരായണന്‍, വി.യു. ജോയി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.