ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ബാംബൂ റാഫ്റ്റിങിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ മികച്ച റാഫ്റ്റിങിന് കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബാംബൂ റാഫ്റ്റിങിനായി നിരവധി വിനോദസഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നതായി ജില്ലാ കളക്ടര്‍ ഡോ രേണുരാജ് പറഞ്ഞു. കുറുവ ദ്വീപില്‍ കാട്ടാന ആക്രമണത്തിന് ശേഷം സഞ്ചാരികളെ താത്ക്കാലികമായി പ്രവേശിപ്പിക്കുന്നില്ല. ഇതിനെ തുടര്‍ന്ന് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ദ്വീപില്‍ റാഫ്റ്റിങ് സംവിധാനം വരുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നും ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇക്കോ ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിച്ച് അടുത്ത ടൂറിസം സീസണില്‍ കയാക്കിങ്, കൂടുതല്‍ റാഫ്റ്റിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ കുറുവയില്‍ ഒരുക്കുകയാണ് ലക്ഷ്യം. നിലവില്‍ കുറുവ ദ്വീപ് അടച്ചതിനാല്‍ മാനന്തവാടി ഭാഗത്തേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നത് കുറവാണ്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി സംരംഭകരാണുള്ളത്. വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ വരുമാനമാര്‍ഗ്ഗത്തിന് പരിഹാരം എന്ന നിലയിലാണ് റാഫ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി അജേഷ് പറഞ്ഞു. പരിപാടിയില്‍ മാനേജര്‍ രതീഷ് ബാബു, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.