മുട്ടില്‍ മരംമുറികേസില്‍ തുടരന്വേഷണ സാധ്യതയടക്കം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.എഡിജിപി എച്ച്.വെങ്കിടേഷിനെ കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും രണ്ട് എസ്.പിമാരും യോഗത്തില്‍ പങ്കെടുക്കും.മരം മുറിക്കേസിലെ അന്വേഷണവും കുറ്റപത്രവും അതീവ ദുര്‍ബലമെന്ന് കാട്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ചേരുന്ന രണ്ടാമത്തെ യോഗമാണിത്.
മുട്ടില്‍ മരംമുറി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ഈ മാസം എട്ടാം തീയതിയാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തയച്ചത്. കേസില്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം അതീവ ദുര്‍ബലമാണെന്നും തുടരന്വേഷണമില്ലാതെ മുന്നോട്ടു പോയാല്‍ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്നുമാണ് 18 പേജ് വരുന്ന കത്തിലെ പ്രധാന വാദം. മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത 43 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് പൊലീസ് കേസിനെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം പതിനാറാം തീയതി കേസന്വേഷിക്കുന്ന ഡിവൈഎസ്പി വി വി ബെന്നിക്കും അഡ്വ. ജോസഫ് മാത്യു കത്തയച്ചിരുന്നു. കേസ് വാദിക്കുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ അവഗണിച്ചാല്‍ കേസില്‍ തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിലാണ് എഡിജിപിയടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍. 2023 ഡിസംബര്‍ നാലിനാണ് പ്രത്യേക അന്വേഷണസംഘം സുല്‍ത്താന്‍ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.സഹോദരങ്ങളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.