പൂതാടി ഗ്രാമപ്പഞ്ചായത്തിനെതിരെ എല്‍.ഡി.എഫ്. നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതിയംഗങ്ങള്‍. പഞ്ചായത്ത് 2.5 കോടി രൂപ ബാങ്കില്‍ സ്ഥിരനിക്ഷേപമിടാന്‍ തീരുമാനിച്ചിട്ടില്ല. പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട തുകയില്‍നിന്നും 75 ലക്ഷം രൂപ പൂതാടി സഹകരണ ബാങ്കില്‍ നിക്ഷേപിക്കാനും പദ്ധതി ബില്‍ തുക ലഭ്യമാകുന്ന മുറയ്ക്ക് ഈ തുക ബാങ്കില്‍നിന്നും പിന്‍വലിക്കുന്നതിനുമാണ് ആലോചിച്ചിരുന്നതെന്ന് അംഗങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ഈ ഭരണസമിതിയുടെ നേതൃത്വത്തില്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളിലെല്ലാം കുടിവെള്ള വിതരണം നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ജില്ലയില്‍തന്നെ ആദ്യമായി കുടിവെള്ള വിതരണം തുടങ്ങിയതും പൂതാടി പഞ്ചായത്തിലാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യംമുതല്‍തന്നെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളൊന്നും ട്രഷറിയില്‍നിന്നും പാസാവുന്നുണ്ടായിരുന്നില്ല. മാര്‍ച്ച് മാസത്തോടെയാണ് അഞ്ച് ലക്ഷം രൂപവരെയുള്ള ബില്ലുകള്‍ പാസാക്കിയത്. മാര്‍ച്ച് 23ന് അവസാന ഗഡു അലോട്ടുമെന്റ് അനുവദിക്കുകയും മാര്‍ച്ച് 25ന് ബില്ലുകള്‍ ട്രഷറിയില്‍ സ്വീകരിക്കുന്ന അവസാന തിയ്യതിയുമായിരുന്നു. ബില്ലുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സമയം നല്‍കിയില്ല.
എല്‍.എസ്.ജി.ഡി. ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിലവില്‍ ഒരാള്‍പോലുമില്ല. ക്ലാര്‍ക്ക് തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നതും പദ്ധതി നിര്‍വഹണത്തിന് തടസ്സമായി. എന്നിട്ടും അസി. എന്‍ജിനീയറുടെ 211 പദ്ധതികളില്‍, മറ്റ് ഓഫീസുകളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതൊഴികെയുള്ള മുഴുവന്‍ പ്രവൃത്തികളുടേയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 73 ശതമാനത്തോളം തുക ചെലവഴിക്കാന്‍ സാധിച്ചു. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് ഒരു വര്‍ഷം പോലും 60 ശതമാനത്തിലധികം തുക ചെലവഴിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്‍, കെ.ജെ. സണ്ണി, മേഴ്സി സാബു, ഒ.കെ. ലാലു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.