മുട്ടില്‍ മരം മുറി കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉന്നയിച്ച കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എഡിജിപിയുടെ നിര്‍ദേശം. പ്രോസിക്യൂട്ടറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ ഡിവൈഎസ്പി വിവി ബെന്നിയോട് എഡിജിപി എച്ച് വെങ്കിടേഷ് ആവശ്യപ്പെട്ടത്.
2021 ലെ വിവാദ മുട്ടില്‍ മരംമുറിക്കേസില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ കേസന്വേഷണവും സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും അതീവ ദുര്‍ബലമാണെന്നു കാട്ടി കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യുവാണ് കഴിഞ്ഞ ദിവസം എ.ഡി.ജി.പിക്ക് കത്ത് നല്‍കിയത്. കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 13ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഉള്‍പെടുത്തി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അതിനു പിന്നാലെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട രണ്ട് എസ്.പിമാരും അന്വേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ ഡി.വൈ.എസ്.പി വി വി ബെന്നിയും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേര്‍ന്നത്. പ്രൊസിക്യൂട്ടര്‍ കത്തിലുന്നയിച്ച കാര്യങ്ങളെ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചോദ്യം ചെയ്തതായാണ് വിവരം. വിഷയത്തില്‍ രേഖകള്‍ പരിശോധിച്ച് 10 ദിവസത്തിനകം സമഗ്രമായ റിപോര്‍ട്ട് നല്‍കാന്‍ യോഗത്തില്‍ ADGP എച്ച് വെങ്കിടേഷ് നിര്‍ദേശം നല്‍കി. വി വി ബെന്നി സമര്‍പ്പിക്കുന്ന റിപോര്‍ട്ടിനന്റെ അടിസ്ഥാനത്തിലാകും ഇനി കേസില്‍ തുടരന്വേഷണമോ അഡീഷണല്‍ കുറ്റപത്രമോ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുക. കേസ് വാദിക്കുന്ന പ്രോസിക്യൂട്ടറും കേസന്വേഷിച്ച സംഘവും രണ്ടു തട്ടിലായത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.