മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പനി, ക്ഷീണം, ഛര്‍ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധിക്കണമെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ബാധിച്ചവരില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും മന്ത്രി.
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്.
പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും ആരോ?ഗ്യമന്ത്രി നിര്‍ദേശിച്ചു. ഹെപ്പറ്റൈറ്റിസ് എയുടെ ഇന്‍ക്യുബേഷന്‍ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. രോഗം സംശയിക്കുന്നവര്‍ ഒരു കാരണവശാലും ഭക്ഷ്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യരുത്.
ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാല്‍ വീണ്ടും ആ സ്ഥലത്ത് അവരില്‍ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയൂം മലിനമായ ജലം ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും മന്ത്രി പറഞ്ഞു.