ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ജില്ല ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയവയനാട് അക്ഷരപുരസ്‌കാരത്തിന്റെ പ്രഥമ ജേതാക്കളെ പ്രഖ്യാപിച്ചു.ചലച്ചിത്രകാരനും ചരിത്രകാരനും മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഒ.കെ. ജോണിക്കാണ്‌സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, സെക്രട്ടറി പി.കെ. സുധീര്‍, ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുരേഷ്, ജില്ലാ ലൈബ്രറി ഓഫീസര്‍ പി. മുസ്തഫ എന്നിവര്‍ വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മികച്ച നോവലിനുള്ള പുരസ്‌കാരത്തിനു ‘നമ്മുടെ കിടക്ക ആകെ പച്ച’ എന്ന നോവല്‍ രചിച്ച അര്‍ഷാദ് ബത്തേരിയെയും മികച്ച കവിതയ്ക്കുള്ള പുരസ്‌കാരത്തിനു ‘ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങള്‍’ എന്ന കവിത രചിച്ച സി.പി. സുജിതയെയും(മാനന്തവാടി)തെരഞ്ഞെടുത്തു. കല്‍പ്പറ്റ എമിലിയിലെ കെ. ബാലിനാണ്മികച്ച കഥയ്ക്കുള്ള പുരസ്‌കാരം. ‘ട്രയല്‍ നം.115’ എന്ന കഥയാണ് പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്.വൈജ്ഞാനിക മേഖലയിലെ പുരസ്‌കാരത്തിനു ‘വയനാടന്‍ ഗ്രാമങ്ങള്‍’ എന്ന കൃതി രചിച്ച ബാവ കെ. പാലുകുന്നിനെ തെരഞ്ഞെടുത്തു.മികച്ച ഗ്രന്ഥശാലകള്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കുമുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കണ്ണങ്കോട് നവോദയ ഗ്രന്ഥശാലയ്ക്കാണ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയതിനു പി. പോക്കര്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം. മാനന്തവാടി താലൂക്കുതലത്തില്‍ ഇ.കെ. മാധവന്‍നായര്‍ സ്മാരക പുരസ്‌കാരം ഒഴുക്കന്‍മൂല സര്‍ഗ ഗ്രന്ഥാലയയത്തിനും വൈത്തിരി താലൂക്കുതലത്തില്‍ കെ. കുഞ്ഞീദ് സ്മാരക പുരസ്‌കാരം കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയത്തിനുമാണ്. ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള എം. ബാലഗോപാലന്‍ സ്മാരക പുരസ്‌കാരത്തിന് എം. നാരായണന്‍(പബ്ലിക് ലൈബ്രറി,വെള്ളമുണ്ട)അര്‍ഹനായി. ബത്തേരി താലൂക്കുതലത്തില്‍ കെ.എസ്. ടെന്നിസണ്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം കേണിച്ചിറ യുവപ്രതിഭ ഗ്രാന്ഥാലയത്തിലെ എം.പി. മുരളീധരനും മാനന്തവാടി താലൂക്കുതലത്തില്‍ ഇ.എം. ശങ്കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിലെ എം. നാരായണനും വൈത്തിരി താലൂക്കുതലത്തില്‍ പി. അമ്മദ് സ്മാരക പുരസ്‌കാരം മാണ്ടാട് ഗ്രാമോദയം ക്ലബിലെ പി.എം. എല്‍ദോയ്ക്കുമാണ്.25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. 10,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.