ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്ന് ബോബി ചെമ്മണ്ണൂര്‍

0

ബോച്ചെ ടീയുടെ വില്‍പ്പനയുടെ ഭാഗമായി നടത്തുന്ന ലക്കിഡ്രോ നിയമപരമാണെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും ബോബി ചെമ്മണ്ണൂര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പരാതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ തങ്ങളുടെ ഭാഗം വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ബോച്ചെ ടീയുടെ വില്‍പ്പന നിലവിലെ പോലെ തന്നെ മുന്നോട്ടുകൊണ്ടുപോകും. ബോച്ചെ ടീ ഫ്രാഞ്ചൈസികള്‍ക്ക് ഇതിനകം പതിനൊന്നായിരം അന്വേഷണങ്ങളാണ് വന്നിട്ടുള്ളതെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് ബോച്ചെ ടീയുടെ വില്‍പ്പന വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബോബി പറഞ്ഞു.

പ്രധാനമായും രണ്ട് ആക്ഷേപങ്ങളാണ് പരാതിക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. അതിലൊന്ന് ലോട്ടറിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ആക്ട് രണ്ട് ബി പ്രകാരം ലോട്ടറിയുമായി ബന്ധപ്പെട്ട നിയമപരിധിയില്‍ വരുന്നതല്ല ബോച്ചെ ടീയുമായി ബന്ധപ്പെട്ട ലക്കിഡ്രോ. രണ്ടാമത്തെ പരാതി അമിത വിലക്ക് വില്‍പ്പന നടത്തുവെന്നതാണ്. എന്നാല്‍ നിയമനുസരിച്ച് കമ്പനി നിശ്ചയിച്ചത് പ്രകാരമാണ് ഈ വില ഈടാക്കുന്നത്. നിലവില്‍ വിവിധ കമ്പനികള്‍ 100 ഗ്രാം ചായപ്പൊടിക്ക് 38 രൂപ മുതല്‍ 125 രൂപ വരെ ഈടാക്കുന്നുണ്ട്. ബോച്ചെ ടീ 100 ഗ്രാം പാക്കറ്റിന് 40 രൂപയാണ് വില. തേയിലപാക്കറ്റിന്റെ കൂടെ തന്നെയാണ് ലക്കിഡ്രോ കൂപ്പണുള്ളത്. 10 ലക്ഷം രൂപ ദിനേന ഒന്നാംസമ്മാനവും, മറ്റിതര ക്യാഷ് പ്രൈസുകളും, 25 കോടി രൂപയുടെ ബമ്പര്‍പ്രൈസുമാണ് ഇതിലൂടെ നല്‍കുന്നത്. ബോച്ചേ ടീ വന്നത് കൊണ്ട് ലോട്ടറിക്കച്ചവടത്തിന്റെ ഒരു ശതമാനം പോലും വില്‍പ്പന കുറഞ്ഞിട്ടില്ല. ബോച്ചെ ടീ വാങ്ങുന്നവരില്‍ കൂടുതലും കുടുംബങ്ങളാണ്. എന്നാല്‍ ലോട്ടറി അങ്ങനെയല്ല. ലോട്ടറിക്ക് എതിരായി നില്‍ക്കില്ല. ഒരു പ്രസ്ഥാനത്തിനും ദോഷം വരുത്താന്‍ താല്‍പര്യമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!