പൂമരം തിയറ്ററുകളിലേക്ക്

0

ഒറ്റപ്പാട്ട് കൊണ്ട് മലയാളി പ്രേക്ഷകരെ കാത്തിരിപ്പിന്റെ കപ്പലിലേറ്റിയ ചിത്രമാണ് പൂമരം. കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈന്‍ ആണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ കഥ പറച്ചിലിന്റെ പുതിയ തലങ്ങളിലേക്ക് പ്രേക്ഷകരെ നയിച്ച സംവിധായകനുമാണ് എബ്രിഡ് ഷൈന്‍. 2016 സെപ്തംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കാളിദാസ് ജയറാം ഒഴിച്ചാല്‍ ഭൂരിഭാഗം കഥാപാത്രങ്ങളും പൂമരത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നവരാണ്. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലുമായാണ് പൂമരം ചിത്രീകരിച്ചത്. സിനിമയിലെ രണ്ട് ഗാനങ്ങളുടെ വീഡിയോ ഇതിനോടകം പുറത്തിറങ്ങി. ഇതില്‍ ഞാനും ഞാനുമെന്റാളും എന്ന ഗാനം മലയാളത്തിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനവുമായി മാറിയിരുന്നു. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും പൂമരത്തില്‍ അതിഥി താരങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രീകരണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴും ഈ സിനിമയെ കാത്തിരിപ്പില്‍ നിര്‍ത്തുന്നത് ആറ് മാസത്തെ ഇടവേളയില്‍ എത്തിയ രണ്ട് ഗാനങ്ങളും സംവിധായകന്റെ മുന്‍സിനിമകള്‍ നല്‍കിയ പ്രതീക്ഷയുമാണ്. യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ കവിതാമത്സരത്തിന് കാളിദാസ് ജയറാം അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ രചന എന്ന നിലയ്ക്കാണ് ഗാനത്തിന്റെ ദൃശ്യവല്‍ക്കരണം. ‘പൂമരപ്പാട്ട്’ സൗഹൃദഭാവത്തിന്റെ ആഘോഷമായിരുന്നെങ്കില്‍ കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനം വിഷാദഭരിതമാണ്. തുടക്കക്കാരായ സംഗീത സംവിധായകരെയും പരിചയപ്പെടുത്തിക്കൊണ്ടാണ് പൂമരം എത്തുന്നത്. പുറത്തുവന്ന ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന്റെ ഈണവും ആലാപനവും ഫൈസല്‍ റാസിയായിരുന്നു. രണ്ടാമത്തെ ഗാനത്തിന് ഈണമിട്ടത് ലീലാ എല്‍ ഗിരിക്കുട്ടന്‍. ജ്ഞാനം ആണ് ഛായാഗ്രാഹകന്‍. ഡോ. പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് നിര്‍മ്മാണം.

Leave A Reply

Your email address will not be published.

error: Content is protected !!