ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിച്ചില്ല; പരാതിയുമായി നാട്ടുകാര്‍

0

വരള്‍ച്ച രൂക്ഷമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലസംരക്ഷണം ഉറപ്പുവരുത്താനായി കടമാന്‍, മുദ്ദള്ളി തോടുകളിലും കന്നാരംപുഴയിലും നിര്‍മിച്ച ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്ന് പരാതിയുമായി നാട്ടുകാര്‍.
രണ്ട് മാസമായി കൊടും വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക വിളകള്‍ പൂര്‍ണമായി കരിഞ്ഞുണങ്ങുകയും കിണറുകളും കുളങ്ങളിലും ജലവിതാനം കുത്തനെ താഴ്ന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ പയ്ത മഴവെള്ളം തടഞ്ഞു നിര്‍ത്താനാവശ്യമായ യാതൊരു നടപടിയും ഉണ്ടാവാത്തതുമൂലം വെള്ളം പൂര്‍ണമായി ഒഴുകി കബനി നദിയിലെത്തിയ അവസ്ഥയാണ്. രണ്ട് മാസം മുമ്പുതന്നെ മൂന്ന് തോടുകളിലും നിര്‍മിച്ച 19ഓളം ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

ഇതുമൂലം കടമാന്‍തോടും മുദ്ദള്ളിത്തോടും കന്നാരം പുഴയുമെല്ലാം പൂര്‍ണമായി വറ്റിവരണ്ട അവസ്ഥയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വേനല്‍മഴ ലഭിച്ചുവെങ്കിലും തോടുകളില്‍ ഒരു തുള്ളിവെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ ഗ്രാമപ്പഞ്ചായത്തോ ജലസേചന വകുപ്പോ ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. മുന്‍കാലങ്ങളില്‍ സന്നദ്ധ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ തോടുകളില്‍ ചെക്ക് ഡാമുകള്‍ നിര്‍മിച്ചിരുന്നെങ്കിലും ഇത്തവണ ആരും തടയണ നിര്‍മിക്കുന്നതിന് തയ്യാറായിട്ടില്ല. ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് ചെക്ക് ഡാമുകളില്‍ വേനല്‍മഴ വെള്ളം സംഭരിക്കാനാവശ്യമായ നടപടിയുണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം. തടയണ നിര്‍മിക്കാന്‍ നടപടി വേണമെന്ന് ഗ്രാമപ്പഞ്ചായത്തിനോട് ആവശ്യപ്പെടുമ്പോള്‍ ജലസേചന വകുപ്പിന്റെ കീഴിലുള്ളതിനാല്‍ അവര്‍ക്കാണിതിന്റെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ്. കബനി നദിയില്‍ മുള്ളന്‍കൊല്ലി, പുല്പള്ളി ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനകീയ തടയണ നിര്‍മിച്ച മാതൃകയില്‍ മേഖലയിലുള്ള ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!