സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷന്‍ സമ്മതിദായകര്‍ക്ക് പ്രകൃതി സൗഹൃദ അന്തരീക്ഷം ഒരുക്കി. മാതൃകാ ബൂത്തിലെത്തി വോട്ട് ചെയ്യുന്നവര്‍ക്ക് വിവിധ പഴങ്ങള്‍ കഴിച്ച് സെല്‍ഫിയെടുത്ത് മടങ്ങാം. പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടം – ശുചിത്വമിഷന്‍ – തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാതൃകാ പോളിങ് ബൂത്ത് ഓല, കുരുത്തോല, മുള, തുണി, പേപ്പര്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളാലാണ് അലങ്കരിച്ചത്. പ്ലാസ്റ്റിക്ക്, പേപ്പര്‍ എന്നിവ നിക്ഷേപിക്കാന്‍ പ്രത്യേക ബിന്നുകള്‍, കുടിവെള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.
പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് തയ്യാറാക്കിയ മാതൃകാ പോളിങ് സ്റ്റേഷന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് സജ്ജീകരിച്ചത്. സമ്മതിദായകരെ സഹായിക്കാന്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവരെയും നിയോഗിച്ചു. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാമ്പ്, പ്രത്യേക വാഹന സൗകര്യങ്ങളും ലഭ്യമാക്കി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശുചിമുറികളും സജ്ജീകരിച്ചു. ജില്ലയിലെ എല്ലാ വില്ലേജുകളിലും ഓരോ മാതൃകാ പോളിങ് സ്റ്റേഷനുകള്‍ എന്ന രീതിയില്‍ ആകെ 49 ബൂത്തുകളാണ് ഒരുക്കിയത്.