ഇനി കൊട്ടിക്കലാശം; തിരഞ്ഞെടുപ്പിന് മുന്‍പേയുള്ള പരസ്യപ്രചാരണം പരിസമാപ്തിയിലേക്ക്

0

കൊടുംവേനലിനെ വകവെക്കാതെ പാര്‍ട്ടി ഭേദമന്യേ നടത്തിയ നാളുകള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പരിസമാപ്തി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും എതിരെ ക്രിമിനല്‍ കോഡിന്റെ സെക്ഷന്‍ 144 പ്രകാരം നടപടിയെടുക്കും.

പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂര്‍ മദ്യ വിതരണത്തിനും വില്‍പനയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, തിരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കുന്ന സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍ എന്നിവയും അഭിപ്രായ വോട്ടെടുപ്പുകള്‍, പോള്‍ സര്‍വേകള്‍, എക്സിറ്റ് പോള്‍ തുടങ്ങിയവയും അനുവദിക്കില്ല. നിയമലംഘകര്‍ക്ക് തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച് അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് അരമണിക്കൂര്‍ വരെ എക്‌സിറ്റ് പോളുകള്‍ നിരോധിക്കും.

മണ്ഡലത്തിന് പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മണ്ഡലത്തില്‍ തങ്ങാന്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ലൈസന്‍സുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൈവശം വയ്ക്കുന്നതിനുമുള്ള നിരോധനം തുടരും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Leave A Reply

Your email address will not be published.

error: Content is protected !!