മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്ററിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഗൾഫ് രാജ്യത്തുള്ള മോഹൻലാൽ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്‍റെ പേരിലാണ് വിലക്കെന്നാണ് അറിയുന്നത്.
ഈ മാസം 21 ന് ലോകവ്യാപകമായി റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രം വിലക്ക് നേരിടുന്നത്. അവശ്യമായ മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിങ്ങിന് നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകരെന്നാണ് വിവരം. എന്നാൽ ഇത് 21 നുള്ളിൽ പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. യുഎഇയിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ വരും.
പുലിമുരുകന് ശേഷം മോഹൻലാലിനൊപ്പം വൈശാഖും ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണിത്. ഹണി റോസും തെലുങ്ക് താരം ലക്ഷ്മി മാഞ്ചുവുമാണ് ചിത്രത്തിൽ നായികമാർ. സിദ്ധിഖ്, ലെന, ഗണേഷ് കുമാർ, സുദേവ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്.
ഈ വാർത്ത കൂടി വായിക്കൂ