പ്രസ്താവന വര്‍ഗീയ പരാമര്‍ശം മറച്ചുവെക്കാന്‍: എ.പി അനില്‍കുമാര്‍

0

രാഹുല്‍ ഗാന്ധിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ പ്രസ്താവനയുടെ ലക്ഷ്യം നരേന്ദ്രമോദിയുടെ വര്‍ഗീയ പരാമര്‍ശം മറച്ചുവെക്കാനാണെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.വി അന്‍വറിന്റെ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയതായും എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു.

നരേന്ദ്രമോദി രാജസ്ഥാനില്‍ വെച്ച് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മോദിയുടെ പരാമര്‍ശം കേരളത്തില്‍ വലിയ രീതിയില്‍ ദോഷം ചെയ്യുമെന്ന് മനസിലാക്കിയ ബി.ജെ.പി പിണറായി വിജയന്റെ ഒത്താശയോട് കൂടി വിഷയം വഴിതിരിച്ചുവിടാന്‍ നടത്തിയ ശ്രമമാണ് അന്‍വറിന്റെ പ്രസ്താവന. അന്‍വര്‍ പിണറായിയുടെ കൂലി എഴുത്തുകാരനാണെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതിന്റെ ലക്ഷ്യം ബി.ജെ.പിയുടെ പ്രസ്താവന മറയ്ക്കുക എന്നതാണ്. ഇതില്‍ പിണറായി വിജയനും ബി.ജെ.പിയും തമ്മില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. പി.വി അന്‍വറിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോയെന്ന് ആനി രാജ വ്യക്തമാക്കണം. അന്‍വറിനെ പിന്തുണച്ച പിണറായി വിജയന്റെ നിലപാട് അദ്ദേഹത്തിന്റെ വികൃത മനസിനെയാണ് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ ഗാന്ധിയെ പോലെ ഒരു നേതാവിനെ വ്യക്തിപരമായി ആക്രമിക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയാണ്. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസ്താവന കേരളത്തില്‍ ചര്‍ച്ചയാവുന്നതില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരാവുന്നത് സി.പി.എമ്മാണ്. കേരളത്തില്‍ ബി.ജെ.പി പ്രതിസന്ധിയിലാകുമ്പോഴെല്ലാം പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ അവരുടെ രക്ഷയ്‌ക്കെത്തുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!