ലോക്സഭ തെരഞ്ഞെടുപ്പ്; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

0

ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചാണ് കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ്-സൂപ്പര്‍ ഡീലക്‌സ്, എസി ലോഫ്‌ളോര്‍ ബസുകളാണ് ഓടിക്കുക.

തിരുവനന്തപുരം സെന്‍ട്രല്‍, ആറ്റിങ്ങല്‍, കണിയാപുരം ഡിപ്പോകളില്‍ നിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പര്‍ ക്ലാസ് ബസുകള്‍ ലഭ്യമല്ലാത്തയിടങ്ങളില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ സര്‍വീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം വെഞ്ഞാറമൂട്, പേരൂര്‍ക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓര്‍ഡിനറി ബസുകളുമുണ്ടാകും.യാത്രക്കാരുടെ തിരക്ക് അധികമായാല്‍ ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ ക്രമീകരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും സര്‍വീസ് സമയം ക്രമീകരിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!