ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി

0

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 25 നും വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26 നും അച്ചടി മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ചെയര്‍പേഴ്‌സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു മെമ്പര്‍ സെക്രട്ടറിയുമായ എം.സി.എം.സി. ജില്ലാതല കമ്മിറ്റിയാണ് അപേക്ഷ പരിശോധിച്ച് അനുമതി നല്‍കുന്നത്. കളക്ട്രേറ്റിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.

പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പ് ഉള്‍പ്പെടെ നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫോറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. സംസ്ഥാന-ജില്ലാതല എം.സി.എം.സിയുടെ പ്രീ-സര്‍ട്ടിഫിക്കേഷനില്ലാതെ വോട്ടെടുപ്പ് ദിവസമോ തലേന്നോ രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, വ്യക്തികള്‍ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശമുണ്ട്.

 

പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിങ് ശതമാനം അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ പോള്‍ മാനേജര്‍

പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാനും ഓരോ മണിക്കൂറിലെ പോളിങ് ശതമാനം നല്‍കുന്നതിനും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാം. വോട്ടെടുപ്പ് ദിവസം പോളിങ് സംഘം വിതരണ കേന്ദ്രങ്ങളില്‍ നിന്നും അതത് പോളിങ് കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുന്നത് വരെയുള്ള 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിങ് ഓഫീസറോ ഒന്നാം പോളിങ് ഓഫീസറോ ആപ്പ് മുഖേന വിവരങ്ങള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!