കൊമ്പന്മാര്‍ക്ക് നിരാശ;ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ഒഡീഷ

0

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഒഡിഷ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി ഏറ്റുവാങ്ങിയത്.ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹര്‍മന്‍ജോത് ഖാബ്ര ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. ഈ വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ടീം മോഹന്‍ ബഗാനോടും തോറ്റിരുന്നു.തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റില്‍ ഒഡിഷയുടെ ജെറി ഗോളടിച്ചെങ്കിലും റഫറി അത് അനുവദിച്ചില്ല. ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിനെ ഫൗള്‍ചെയ്തതിനെത്തുടര്‍ന്നാണ് ഗോള്‍ അസാധുവായത്. പ്രതിരോധതാരങ്ങളുടെ മികച്ച രക്ഷാപ്രവര്‍ത്തനമാണ് ഗോള്‍ വഴങ്ങാതിരിക്കാന്‍ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചത്.

ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിനെ മുന്നേറ്റനിരയെ കൃത്യമായി പൂട്ടാന്‍ ഒഡിഷ പ്രതിരോധത്തിന് സാധിച്ചു. 24-ാം മിനിറ്റില്‍ ഒഡിഷയുടെ തോയ്ബയുടെ ഉഗ്രന്‍ ലോങ് റേഞ്ചര്‍ പ്രഭ്സുഖന്‍ ഗില്‍ തട്ടിയകറ്റി. പിന്നാലെ വന്ന കോര്‍ണര്‍കിക്കും താരം വിഫലമാക്കി.

എന്നാല്‍ ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ലീഡെടുത്തു. 35-ാം മിനിറ്റില്‍ പ്രതിരോധതാരം ഹര്‍മന്‍ജോത് ഖാബ്രയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. ബോക്സിന് വെളിയില്‍ നിന്ന് അഡ്രിയാന്‍ ലൂണ നല്‍കിയ മനോഹരമായ പാസിന് കൃത്യമായി തലവെച്ച ഖാബ്ര മികച്ച ഹെഡ്ഡറിലൂടെ വലതുളച്ചു. ഇതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. ഖാബ്രയുടെ സീസണിലെ ആദ്യ ഗോളാണിത്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലും ശ്രദ്ധ കൊടുത്താണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. മുന്നേറ്റത്തില്‍ ആക്രമണം ശക്തിപ്പെടുത്തുമ്പോഴും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലും ശ്രദ്ധ ചെലുത്തി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒഡിഷയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. ഒഡിഷയുടെ ബ്രസീലിയന്‍ ഫോര്‍വേര്‍ഡ് ഡീഗോ മൗറീഷ്യോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ഗില്‍ തടഞ്ഞെങ്കിലും പന്ത് പോസ്റ്റിലിടിച്ച് കടന്നുപോയി. പിന്നാലെ ഒഡിഷ സമനില ഗോള്‍ കണ്ടെത്തി. ജെറിയാണ് ഒഡിഷയ്ക്ക് വേണ്ടി വലകുലുക്കിയത്.

54ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഗോള്‍ വന്നത്. കാര്‍ലോസ് ഡെല്‍ഗാഡോയുടെ ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയെങ്കിലും കൈയ്യിലാക്കാനായില്ല. ഇത് കണ്ട് ജെറി പന്ത് കാലിലാക്കി വലയിലേക്ക് ഷോട്ടുതിര്‍ത്തു. ഇതോടെ ഒഡിഷ മത്സരത്തില്‍ സമനില പിടിച്ചു.

70-ാം മിനിറ്റില്‍ ജെറിയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. രണ്ടാം പകുതിയില്‍ രാഹുല്‍, വിക്ടര്‍ മോംഗില്‍ തുടങ്ങിയ താരങ്ങളെ കൊണ്ടുവന്നു. 82-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഡയമന്റക്കോസിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നല്‍കിക്കൊണ്ട് ഒഡിഷ രണ്ടാം ഗോളടിച്ചത്. 86-ാം മിനിറ്റില്‍ പെഡ്രോ മാര്‍ട്ടിനാണ് ടീമിനായി വലകുലുക്കിയത്. പന്തുമായി മുന്നേറിയ പെഡ്രോയുടെ കരുത്തുറ്റ ഷോട്ട് തടയാന്‍ ഗില്ലിന് സാധിച്ചില്ല. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ നില പരുങ്ങലിലായി. പിന്നാലെ മഞ്ഞപ്പട തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!