കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി തയ്യാറാവുന്ന ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും.
ദുരന്തനിവാരണ അതോറിറ്റി ഗുണഭോക്താക്കളില്‍ നിന്നും സ്വീകരിച്ച സമ്മതപത്രവും വ്യക്തികളുടെ വിവരങ്ങളും മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലേക്ക് കൈമാറി. അതേസമയം എസ്റ്റേറ്റില്‍ വീടുകളുടെ പ്ലോട്ട് ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
കല്‍പ്പറ്റ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ വീട് ഓപ്ഷന്‍ നല്‍കിയവരുടെയും സാമ്പത്തിക സഹായം ആവശ്യപ്പെട്ടവരുടെയും അന്തിമ പട്ടികയാണ് നാളെ പ്രസിദ്ധീകരിക്കുക. നിലവില്‍ പ്രസിദ്ധീകരിച്ച ഒന്ന്, രണ്ട് ഘട്ടം, 2- എ, 2-ബി പട്ടികകളിലായി 402 ഗുണഭോക്താക്കളാണുള്ളത്. ഇവര്‍ നല്‍കിയ സമ്മതപത്രങ്ങളുടെ പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അപേക്ഷ നല്‍കിയ ഗുണഭോക്താക്കള്‍ക്ക് സ്വകാര്യ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ വീടോ സ്ഥലമോ ലഭ്യമാക്കുന്നുണ്ടോയെന്നും പരിശോധനയും നടത്തിയിട്ടുണ്ട്. അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയുള്ള ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത് ദുരന്തബാധിതര്‍ക്ക് ആശ്വാസമായി. കോടതി നടപടികള്‍ തുടര്‍ന്നാല്‍ ടൗണ്‍ഷിപ്പിലെ വീട് നിര്‍മ്മാണം വൈകുമെന്ന് ആശങ്കയ്ക്കാണ് അറുതിയായത്. നിലവില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നവംബറിനകം പൂര്‍ത്തീകരിക്കാനാണ് നീക്കം.