അവസാന ഓവറിലെ ആന്റി ക്ലൈമാക്‌സ്;കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് ഇന്ത്യയുടെ മധുര പ്രതികാരം

0

ഒരു ത്രില്ലര്‍ സിനിമയുടെ സകല ചേരുവകളുമുണ്ടായിരുന്നു ടി20 ലോകകപ്പിലെ ഇന്ത്യ- പാക് സൂപ്പര്‍ 12 പോരാട്ടത്തിന്. അടിമുടി നാടകീയത കണ്ട ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് മധുര പ്രതികാരവും ചെയ്തു. അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 31 റണ്‍സ് വേണമായിരുന്നു. ഈ ഓവറിന്റെ നാലാം പന്ത് എറിയുന്നത് വരെ കളി പാകിസ്ഥാന്റെ കൈയിലായിരുന്നു. അവസാന രണ്ട് പന്തുകള്‍ സിക്സിലേക്ക് പറത്തി കോഹ്ലി ഇന്ത്യന്‍ പ്രതീക്ഷകള്‍ കാത്ത്. ഈ ഓവറില്‍ 15 റണ്‍സ് പിറന്നു.

അവസാന ഓവറില്‍ പിന്നെ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. അവസാന ഓവറില്‍ ആറ് പന്തിന് പകരം മുഹമ്മദ് നവാസിന് ഒന്‍പത് പന്തുകള്‍ എറിയേണ്ടി വന്നു. കോഹ്ലിയുടെ മികച്ച ബാറ്റിങും നവാസിന്റെ ഭാവനാശൂന്യതയും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. ആദ്യ പന്തില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യ കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ ഹാര്‍ദിക്കിന് പിഴച്ചു. പന്ത് ബാബര്‍ അസമിന്റെ കൈയിലൊതുങ്ങി.

ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് പന്തില്‍ 16 റണ്‍സ്. ഫിനിഷറായ ദിനേഷ് കാര്‍ത്തിക് ക്രീസില്‍. നേരിട്ട ആദ്യ പന്ത് തന്നെ ക്രീസ് വിട്ട് ചായിടിറങ്ങിയ കാര്‍ത്തിക്കിന് നേരെ നവാസിന്റെ ഫുള്‍ടോസ്. നോബോളായിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഫ്രണ്ട് ഫൂട്ടില്‍ ക്രീസ് വിട്ടിറങ്ങിയതിനാല്‍ നോബോളായില്ല. ആ പന്തില്‍ ഒരു റണ്‍ മാത്രം. ഇന്ത്യന്‍ ലക്ഷ്യം നാല് പന്തില്‍ 15. മുഹമ്മദ് നവാസിന്റെ മൂന്നാം പന്തില്‍ കോഹ്ലി രണ്ട് റണ്‍സ് ഓടിയെടുത്തു. ലക്ഷ്യം മൂന്ന് പന്തില്‍ 13.

പിന്നീടായിരുന്നു വിജയത്തില്‍ നിര്‍ണായകമായ കോഹ്ലിയുടെ സിക്‌സ് പിറന്നത്. നവാസിന്റെ നാലാം പന്ത് ഫുള്‍ട്ടോസ്. കോഹ്ലി സ്‌ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ പന്ത് സിക്‌സില്‍. ഷോട്ട് പൂര്‍ത്തിയാക്കിയ ശേഷം നോ ബോളിനായി കോഹ്ലിയുടെ അപ്പീല്‍. അരക്ക് മുകളിലുള്ള ഫുള്‍ട്ടോസായതിനാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ പാക് നായകന്‍ ബാബര്‍ അസം അമ്പയര്‍മാരോട് തര്‍ക്കിച്ചെങ്കിലും അത് നോ ബോളാണെന്ന തീരുമാനത്തില്‍ അമ്പയര്‍ ഉറച്ചു നിന്നു.

സിക്‌സും നോബോളിലൂടെ കിട്ടിയ ഒരു റണ്ണുമായപ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം മൂന്ന് പന്തില്‍ ഏഴ് റണ്‍സ്. ഫ്രീ ഹിറ്റായ നാലാം പന്ത് സ്പിന്‍ എറിയാതെ മീഡിയം പേസ് എറിഞ്ഞ നവാസിന്റെ പന്ത് വൈഡായി. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി. അടുത്ത പന്തില്‍ മനോഹരമായൊരു യോര്‍ക്കറില്‍ കോഹ്ലിയുടെ സ്റ്റംപിളകിയെങ്കിലും സ്റ്റംപില്‍ തട്ടിയ ശേഷം പന്ത് തേര്‍ഡ് മാനിലേക്ക് പറന്നു.

മനഃസാന്നിധ്യം വിടാതെ മൂന്ന് റണ്‍സ് ഓടിയെടുത്ത കോഹ്ലിയും കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യന്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടാക്കി. ബൗള്‍ഡായ പന്തില്‍ റണ്‍സ് ഓടിയതില്‍ വീണ്ടും തര്‍ക്കമുന്നയിച്ച് പാക് നായകന്‍ ബാബര്‍ അസമും ഫീല്‍ഡര്‍മാരും രംഗത്ത് എത്തി. എന്നാല്‍ നോ ബോളിനെ തുടര്‍ന്നുള്ള ഫ്രീ ഹിറ്റില്‍ വിക്കറ്റെടുക്കാനാവാത്തതിനാല്‍ അത് ബൈ റണ്ണാണെന്ന് അമ്പയര്‍ വിധിച്ചു.

നിര്‍ണായക അഞ്ചാം പന്തില്‍ ലെഗ് സ്റ്റംപിലേക്ക് പോയ പന്ത് സ്വീപ് ചെയ്യാന്‍ കാര്‍ത്തിക് ശ്രമിച്ചെങ്കിലും പാഡില്‍ തട്ടി ക്രീസില്‍ തന്നെ വീണു. പന്ത് എവിടെ പോയെന്ന് അറിയാതെ നിന്ന കാര്‍ത്തിക്കിനെ റിസ്വാന്‍ സ്റ്റംപിങ് ചെയ്ത് പുറത്താക്കി. ഇതോടെ ഇന്ത്യ ഒന്ന് പകച്ചു. ലക്ഷ്യം ഒരു പന്തില്‍ രണ്ട് റണ്‍സ്.

അശ്വിന്‍ ക്രീസില്‍. ആദ്യ പന്തില്‍ അമിതാവേശം കാട്ടാതെ ക്രീസില്‍ നിന്ന അശ്വിനുനേരെ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി നവാസിന്റെ പന്ത്. അനങ്ങാതെ നിന്ന അശ്വിന്റെ തന്ത്രം ഫലിച്ചു. പന്ത് വൈഡായി. സ്‌കോര്‍ ടൈ ആയി. ഇതോടെ ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പിച്ചു. അടുത്ത പന്തില്‍ ബാബര്‍ അസം ഫീല്‍ഡര്‍മാരയെല്ലാം ഇറക്കി നിര്‍ത്തിയെങ്കിലും മിഡ് ഓഫിന് മുകളിലൂടെ പന്ത് ഉയര്‍ത്തി അടിച്ച് ഒരു റണ്ണോടി അശ്വിനും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യക്ക് ഐതിഹാസിക ജയം സമ്മാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!