യേശുക്രിസ്തുവിന്റെ പീഡാനുഭവസ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും. വിവിധ പള്ളികളില്‍ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുകയും മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്തതായാണ് വിശ്വാസം. കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് ഗാഗുല്‍ത്താമലയിലൂടെ കുരിശിനൊപ്പം ചാട്ടവാറടി ഉള്‍പ്പെടെയുള്ള ക്രൂരമര്‍ദ്ദനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയുള്ള യേശുവിന്റെ മരണയാത്രയുടെയും പിന്നീട് കുരിശിലേറ്റപ്പെട്ടതിന്റെയും അനുസ്മരണമാണ് ദുഃഖവെള്ളി.
പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ദുഃഖവെള്ളിയാണ് വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാന ദിനമായി കണക്കാക്കുന്നത്. ദുഃഖവെള്ളി ദിനത്തില്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടാകില്ല. പകരം യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ചുള്ള ചടങ്ങുകള്‍ നടക്കും. കുരിശിന്റെ തിരുശേഷിപ്പ് ചുംബനം, പീഡാനുഭവ വായനകള്‍, കുരിശിന്റെ വഴി എന്നിവ നടക്കും.