സിഎച്ച്‌സിക്ക് മുകളില്‍ മരം വീണിട്ട് രണ്ട് മാസം; ഇനിയും എടുത്തുമാറ്റിയില്ല
തിരുനെല്ലി അപ്പപ്പാറ സി എച്ച് സിക്ക് മുകളില്‍ വീണ മരം രണ്ട് മാസം കഴിഞ്ഞിട്ടും എടുത്തുമാറ്റിയില്ല. മരം എടുത്തു മാറ്റിയില്ലെങ്കില്‍ വലിയ അപകടമുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി നാലിനാണ് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോണ്‍ഫറന്‍സ് ഹാളിന് മുകളിലേക്ക് വാക മരത്തിന്റെ ശിഖിരം അടര്‍ന്ന് വീണത്. മരം വീണ് ഷീറ്റ് മേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. രണ്ടാഴ്ച്ചക്ക് ശേഷം മറ്റൊരു ശിഖിരം പ്രാധാന കെട്ടിടത്തിന് മുകളില്‍ വീണു . മേല്‍ക്കൂരക്ക് സാമാന്യം ഉറപ്പുണ്ടായതിനാലാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന് സമീപം ഇനിയും ഉണങ്ങിയ മരങ്ങളുണ്ട്. രണ്ട് അപകടങ്ങള്‍ ഉണ്ടായിട്ടും അപകട ഭീഷണിയുയര്‍ത്തുന്ന വലിയ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വീണ മരം നീക്കം ചെയ്യാത്തതിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.