പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര യുദ്ധത്തിലേക്ക് പോവുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്ക് പിന്നാലെ ഇന്ത്യക്കെതിരെയും ചില തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ് പാക്കിസ്ഥാനും. പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചിട്ടുള്ള സുപ്രധാന തീരുമാനങ്ങളില്‍ പ്രധാനമാണ് സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള തീരുമാനം. പകരം പാക്കിസ്ഥാന്‍ സ്വീകരിച്ചിട്ടുള്ളത് ഷിംല കരാര്‍ മരവിപ്പിക്കുകയെന്നതാണ്.
ജലം നിഷേധിക്കുന്നത് യുദ്ധസമാനമാണ് എന്ന പ്രഖ്യാപനവുമായാണ് ഷിംല കരാര്‍ റദ്ദാക്കുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് പാക്കിസ്ഥാന്‍ ജനതയുടെ കുടിവെള്ളം മുട്ടിക്കുന്ന സിന്ധു നദീജല കരാര്‍.
സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പു വച്ച കരാറാണ് സിന്ധു നദീജല കരാര്‍. ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കറാച്ചിയില്‍ അന്നത്തെ പാക് പ്രസിഡന്റ് അയൂബ് ഖാനും ഇന്ത്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. ഈ നദികളുടെ സ്വാഭാവിക ഒഴുക്കില്‍ ഇന്ത്യ ഇടപെടരുത്. തടസ്സമില്ലാതെ പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകാന്‍ അനുവദിക്കണം എന്നതൊക്കെയാണ് കരാറിലെ വ്യവസ്ഥകള്‍. ജലത്തിന്റെ 30 ശതമാനം ഇന്ത്യയും 70 ശതമാനം പാകിസ്താനുമാണ്. ഇത് പ്രകാരം കരാര്‍ റദ്ദാക്കുന്നത് പാക്കിസ്ഥാനെ വലിയ രീതിയില്‍ ബാധിക്കും. അവരുടെ കൃഷിക്കും ഉപജീവനത്തിനും ഈ നദികളിലെ ജലം അത്യന്താപേക്ഷിതമാണ്. അതേസമയം വ്യവസ്ഥ പ്രകാരം ഇന്ത്യക്കോ പാകിസ്താനോ ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്മാറാന്‍ സാധ്യമല്ലെന്നും വിലയിരുത്തലുകള്‍ ഉണ്ട്.
ഇനി ഷിംല കരാറിലേക്ക് വന്നാല്‍
1971ലെ ഇന്ത്യാപാക്കിസ്ഥാന്‍ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഷിംല കരാറില്‍ ഒപ്പുവെക്കുന്നത്. ഷിംലയില്‍വെച്ച് നടന്ന സുപ്രധാനയോഗത്തില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്താന്‍ പ്രസിഡന്റായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും കരാറില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തുടരുന്ന പല സംഘര്‍ഷങ്ങള്‍ക്കും അവസാനം കുറിക്കുക, മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. കരാര്‍ നിലവില്‍ വന്നെങ്കിലും 1999ലെ കാര്‍ഗില്‍ യുദ്ധവും പുല്‍വാമയിലെ ഭീകരാക്രമണവും ഉള്‍പ്പെടെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യപാക്ക് അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ നടന്നു. ഇരുരാജ്യങ്ങളും തമ്മില്‍ തുടര്‍ന്നുകൊണ്ടേയിരുന്ന സംഘര്‍ഷങ്ങള്‍ കരാര്‍ പാലിക്കപ്പെടുന്നില്ല എന്നതിന്റെ തെളിവാണ്. അതിനാല്‍ തന്നെ കരാര്‍ റദ്ദാക്കിയാലും ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.