2003 ലോകകപ്പ് തോല്‍വിക്ക് പകരം ചോദിക്കുമോ?; മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

0

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പുതിയ ചാമ്പ്യന്‍മാരെ ഇന്ന് അറിയാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോരാട്ടം. മൂന്നാം കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ആറാം കപ്പ് തേടിയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. 2003 ഫൈനലിലേറ്റ തോല്‍വിക്ക് കൃത്യം 20 വര്‍ഷത്തിന് ശേഷം കണക്കുതീര്‍ക്കാന്‍ കൂടിയാണ് രോഹിത് ശര്‍മ്മയും സംഘവും ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കലാശപ്പോരിന് ഇറങ്ങുക.

ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരുകളുടെ കണക്കില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന 13 മത്സരങ്ങളില്‍ എട്ടിലും ജയം ഓസീസിനായിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിന ലോകകപ്പില്‍ ആദ്യം ഏറ്റുമുട്ടിയത് 1983ലാണ്. അന്ന് ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കാനായിരുന്നു ടീമുകളുടെ വിധി. 1987ലും അതിന്റെ ആവര്‍ത്തനമുണ്ടായി. എന്നാല്‍ 1992 മുതല്‍ 2003വരെ നാല് ലോകകപ്പുകളിലായി അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ സമ്പൂര്‍ണ ജയവുമായി ഓസീസ് സമഗ്രാധിപത്യം കാട്ടി. 2003 ഫൈനലില്‍ ജോഹാന്നസ്ബര്‍ഗിലേറ്റ മുറിപ്പാട് മറന്നിട്ടില്ല ഇന്ത്യന്‍ ആരാധകര്‍. 2011 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ധോണിപ്പട ഓസീസിനോട് മധുരപ്രതികാരം ചെയ്തു. എന്നാല്‍ അടുത്ത സെമിയില്‍ ഇന്ത്യയുടെ കണ്ണുനീര്‍ വീഴ്ത്തി ഓസീസ് പകരംചോദിച്ചു.

അതേസമയം ഈ ലോകകപ്പിലേത് ഉള്‍പ്പെടെ അവസാനം നേര്‍ക്കുനേര്‍ വന്ന രണ്ട് അങ്കത്തിലും ജയം ടീം ഇന്ത്യക്കൊപ്പം നിന്നത് രോഹിത്തിനും കൂട്ടര്‍ക്കും പ്രതീക്ഷയാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കലാശപ്പോരിന് ടോസ് വീഴും. രണ്ട് മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും മത്സരം ഇന്ത്യയില്‍ തല്‍സമയം കാണാം. നീണ്ട 10 വര്‍ഷത്തെ ലോകകപ്പ് കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് രോഹിത് ശര്‍മ്മയും സംഘവും അഹമ്മദാബാദില്‍ ഇറങ്ങുന്നത്. 2011ല്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ടീം ഇന്ത്യ അവസാനമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയത്. സെമിയിലെ അതേ പ്ലേയിംഗ് ഇലവനുകളെ അഹമ്മദാബാദിലും ഇരു ടീമുകളും നിലനിര്‍ത്താനാണ് സാധ്യത.

Leave A Reply

Your email address will not be published.

error: Content is protected !!