ഇന്ത്യയിലേക്ക് വരാന്‍ മൃഗങ്ങള്‍ക്കും വേണം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കുന്ന മൃഗങ്ങള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പൂച്ചകള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ 30-നാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം ഇന്ത്യയില്‍ നിലനില്‍ക്കുന്നിടത്തോളംകാലം നിയമം പാലിക്കണമെന്നും ഇതില്‍ പറയുന്നു.
കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച് രണ്ട് സിംഹങ്ങള്‍ ചത്തിരുന്നു. ഒമ്പത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പല രാജ്യങ്ങളില്‍നിന്നും കടത്തിക്കൊണ്ടുവരുന്ന വിവിധ മൃഗങ്ങളെ ചെന്നൈ വിമാനത്താവളത്തില്‍ പലപ്പോഴായി പിടികൂടിയിട്ടുണ്ട്. കടുവകള്‍, സിംഹങ്ങള്‍, പുള്ളിപ്പുലികള്‍ തുടങ്ങിയ മൃഗങ്ങള്‍ക്ക് എളുപ്പത്തില്‍ കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്.
വിദേശത്തുനിന്ന് വളര്‍ത്തുമൃഗങ്ങളെ നാട്ടിലെത്തിക്കുന്ന പ്രവാസികള്‍ക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിയമം ബാധകമാണെന്ന് ചെന്നൈ കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. കൃത്യമായ രേഖകളില്ലാതെ വന്യമൃഗങ്ങളെ ഇറക്കുമതി ചെയ്താല്‍ അവയെ അതേ രാജ്യങ്ങളിലേക്കുതന്നെ തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.