കോളറ പകര്‍ച്ചവ്യാധി: നൂല്‍പ്പുഴയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ടാനംകുന്ന് ഉന്നതിയില്‍ കോളറ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാളെ മുതല്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവണ്ണൂര്‍, ലക്ഷംവീട്, കണ്ടാനംകുന്ന് ഉന്നതികളും, ഉന്നതികളുടെ 500 മീറ്റര്‍ ചുറ്റളവിലുമാണ് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടത്. പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) നിര്‍ദ്ദേശ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.