സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്കയായി സുരക്ഷാ സാമഗ്രികളുടെ ക്ഷാമം. ഗ്ലൗസ്, എന്‍95 മാസ്‌ക് എന്നിവ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് നഴ്‌സസ് സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കി. ഗ്ലൗസ് കിട്ടാതായതോടെ പൊതുജനങ്ങളുടെ സഹായം തേടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗ്ലൗസ് ചലഞ്ച് തന്നെ തുടങ്ങി. പിപിഇ കിറ്റിന്റെ ഗുണനിലവാരം കുറഞ്ഞതിനാല്‍ ഒരു മണിക്കൂര്‍ പോലും തികച്ചുപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും നഴ്‌സുമാര്‍ പറയുന്നു
സുരക്ഷാ സാമഗ്രികള്‍ക്കുള്ള ക്ഷാമം ആഴ്ച്ചകളായി തുടരുകയാണ്. നിരന്തരം പുതുക്കി ഉപയോഗിക്കേണ്ട നോണ്‍-സ്റ്റെറയില്‍ ഗ്ലൗസിനാണ് കൂടുതല്‍ ക്ഷാമം. ഒപ്പം എന്‍ 95 മാസ്‌ക്, ഫേസ്ഷീല്‍ഡ് എന്നിവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമെയാണ് പിപിഇ കിറ്റുകളുടെ നിലവാരത്തെക്കുറിച്ചും പരാതികളുയരുന്നത്.
സര്‍ക്കാര്‍ നല്‍കുന്നവ തികയാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ സുരക്ഷാ സാമഗ്രികളെത്തിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ പ്രശ്‌നപരിഹാരത്തിന് ഗ്ലൗസ് ചലഞ്ച് തന്നെ തുടങ്ങി.പ്രശ്‌നത്തില്‍ നഴ്സ്സ് സംഘടനയായ കെജിഎന്‍എ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ക്ഷാമം പരിഹരിക്കപ്പെട്ടു വരുന്നുവെന്നാണ് കെഎംഎസ്സിഎല്‍ വിശദീകരിക്കുന്നത്. ആവശ്യം കൂടിയതും നിര്‍മ്മാതാക്കളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞതുമാണ് പ്രശ്‌നം. വിലനിയന്ത്രണത്തിന് ശേഷമുള്ള സമ്മര്‍ദ തന്ത്രമാണോ ലഭ്യതക്കുറവിന് പിന്നിലെന്ന സംശയവും ചിലരുന്നയിക്കുന്നു.