സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായിരിക്കുന്നത്. എന്തെല്ലാം ഇളവുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി നാളെ വിളിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാവും ലോക്ക്ഡൗണ്‍ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക.
ടെസ്റ്റുകള്‍ പൊതുവില്‍ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാന്‍ കാരണമെന്ന് വിദഗ്ധ സമിതി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാല്‍ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകള്‍ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളില്‍ത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു. നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ നാളെ ജില്ലാ കളക്ടര്‍മാരുമായി നടത്തുന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും ലോക്ക്ഡൗണ്‍ ഇളവുകളിലെ തീരുമാനം വരിക