ലോകാരോഗ്യ സംഘടനയും യുണിസെഫും ചേര്‍ന്ന് 2002-ല്‍ കേരളത്തിനൊരു സവിശേഷ പദവി സമ്മാനിച്ചിരുന്നു. ലോകത്തെ ആദ്യ ശിശു സൗഹൃദ സംസ്ഥാനമെന്ന സ്ഥാനം. മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമായി 1992-ലാരംഭിച്ച ശിശു സൗഹൃദ ആസ്പത്രികകളുടെ പിന്തുണയോടെയായിരുന്നു നേട്ടം.
എന്നാല്‍ ഇരുപതാണ്ട് പിന്നിടുമ്പോള്‍ കേരളം ഏറെ പിന്നോട്ട് പോയിരിക്കുന്നു. ദേശീയ ആരോഗ്യ സര്‍വേ ഫലങ്ങളില്‍ ഇത് വ്യക്തം. 2019-20-ലെ സര്‍വേപ്രകാരം സംസ്ഥാനത്ത് ആറുമാസത്തിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഇടവിട്ട് മുലയൂട്ടുന്നവരുടെ നിരക്ക് 55.5% മാത്രമാണ്. 2002-ല്‍ 92 ശതമാനമായിരുന്നു. പ്രസവം കഴിഞ്ഞ് ആദ്യ മണിക്കൂറിനുള്ളില്‍ മുലയൂട്ടുന്നതും കുറയുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടനകള്‍ ചേര്‍ന്ന് നവീകരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
മാതൃ-ശിശു സൗഹൃദ ആസ്പത്രികള്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പരിശ്രമം. ഇതിനായി ഏഴായിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ മുതല്‍ നഴ്സിങ്ങ് വിദ്യാര്‍ഥികള്‍ക്ക് വരെ പരിശീലനം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലുള്ളവരുടെ പരിശീലനം പൂര്‍ത്തിയായി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സ്വകാര്യ മേഖലയിലെ 5000 പേര്‍ക്ക് കൂടി പരിശീലം നല്‍കും. അമ്മമാരില്‍ മുലയൂട്ടുന്നതിനോട് വിമുഖത വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തും.ബോധവത്കരണം, കൗണ്‍സിലിങ് എന്നിവയും നല്‍കും.ഒപ്പം, ആദ്യമായി അമ്മയാകുന്നവര്‍ക്ക് മുലയൂട്ടല്‍ പരിശീലനവും.
സംസ്ഥാനത്ത് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി 600-ലധികം പ്രസവാസ്പത്രികള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതില്‍ 25 ശതമാനത്തിലധികം ജൂലായ് അവസാന വാരത്തോടെ മാതൃ-ശിശു സൗഹൃദ ആസ്പത്രികളാക്കി മാറ്റും. ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ ഇവയുടെ പ്രഖ്യാപനം നടക്കും. ആസ്പത്രികളിലെ ഒരുക്കങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി പരിശോധിച്ച ശേഷമാണ് മാതൃ-ശിശു സൗഹൃദ ആശുപത്രി എന്ന പദവി നല്‍കുക.