പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ല പാത റീസര്‍വേക്കു ഇന്നു തുടക്കം. കാലങ്ങളായി വയനാട് ജില്ല നേരിട്ടുകൊണ്ടിരിക്കുന്ന യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ലാ പാതയ്ക്ക് പ്രതീക്ഷ നല്‍കി റീ സര്‍വ്വേ നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി.കുറ്റിയാം വയലില്‍ നിന്ന് തുടങ്ങി വനത്തിനകത്തെ വയനാട് ജില്ലയുടെ അതിര്‍ത്തിയായ കരിങ്കണ്ണി വരെയുള്ള 6 കിലോമീറ്റര്‍ ദൂരമാണ് സര്‍വ്വേ നടക്കുക.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ റവന്യൂ, പൊതുമരാമത്ത്, കെഎസ്ഇബി, വനം വന്യജീവി, ജനപ്രതിനിധികള്‍, കര്‍മ്മസമിതി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റിസര്‍വേ നടക്കുന്നത്.1994ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ തറക്കല്ലിട്ട ഈ ചുരമില്ല പാത ചുവപ്പുനാടയില്‍ കുടങ്ങികിടക്കുകയായിരുന്നു. റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജനകീയ കര്‍മ്മ സമിതി രൂപീകരിച്ച് കഴിഞ്ഞ 259 ദിവസങ്ങളായി വിവിധ സമര പരിപാടികള്‍ നടത്തി വരികയായിരുന്നു. ഇതിന്റെ ഫലം എന്നോണമാണ് റീസര്‍വേയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചത്.കഴിഞ്ഞ കുറെ മാസങ്ങളായി ജാതി ,മത കക്ഷിരാഷ്ട്രീയ ഭേദമന്യേ, പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിനായി ഒരു നാടുമുഴുവന്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.