കേരളത്തെ കണ്ണീരിലാഴ്ത്തിയ ബോട്ടപകടങ്ങള്‍

0

താനൂരിലെ തൂവല്‍തീരത്ത് നടന്ന ബോട്ടപകടത്തിന്റെ ഞെട്ടലിലാണ് കേരളം. സ്ത്രീകളും കുട്ടികളുമടക്കം 22 പേരുടെ ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. ഇതിന് മുന്‍പും കേരളത്തെ കണ്ണീരിലാഴ്ത്തിയ അപകടങ്ങളില്‍ സുരക്ഷാ വീഴ്ചതന്നെയായിരുന്നു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
1924 ജനുവരി 17 ന് ആണ് കേരളം ഞെട്ടലോടെ ഓര്‍മ്മിക്കുന്ന ആദ്യ ബോട്ടപകടം. കേരളത്തിന് ഒരിക്കലും മറക്കാനാകാത്ത ഈ ബോട്ട് ദുരന്തത്തിലാണ് മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ജീവന്‍ പൊലിഞ്ഞത്. ആലപ്പുഴ പല്ലന പുഴയില്‍ 1924ല്‍ ഉണ്ടായ റെഡീമര്‍ ബോട്ടപകടത്തില്‍ കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേരാണ് മരിച്ചത്.

കുമരകം ബോട്ടപകടം

2002 ജൂലൈ 27ന് പുലര്‍ച്ചെയായിരുന്നു മുഹമ്മയില്‍ നിന്ന് കുമരകത്തേക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ എ53 ബോട്ട് വേമ്പനാട്ട് കായലില്‍ അപകടത്തില്‍ പെട്ടത്. ഒന്‍പത് മാസം പ്രായമായ കുഞ്ഞും 15 സ്ത്രീകളുമടക്കം 29 മനുഷ്യജീവനുകളാണ് അന്ന് കായലിന്റെ ആഴങ്ങളില്‍ നഷ്ടമായത്. കുമരകത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു അന്ന് പലരെയും രക്ഷിച്ചത്.

പിഎസ്സി പരീക്ഷയ്ക്കായി കോട്ടയത്തേക്ക് പോയ ഉദ്യോഗാര്‍ത്ഥികളായിരുന്നു ദുരന്തത്തില്‍ പെട്ടവരില്‍ അധികവും. അന്നും എണ്ണത്തില്‍ കൂടുതല്‍ ആളുകളാണ് ബോട്ടില്‍ സഞ്ചരിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു.

തട്ടേക്കാട് ബോട്ട് അപകടം

കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ടപകടമായിരുന്നു എറണാകുളം തട്ടേക്കാടുണ്ടായത്. അങ്കമാലി എളവൂര്‍ യുപി സ്‌കൂളിലെ പതിനഞ്ച് വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് മുങ്ങി മരിച്ചത്. 2007 ഫെബ്രുവരി 20നായിരുന്നു അപകടം. വിനോദ സഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനടിയില്‍ വിള്ളലുണ്ടാകുകയും കരയില്‍ നിന്ന് പത്തടി അകലെയെത്തിയപ്പോഴേക്കും മുങ്ങി താഴുകയുമായിരുന്നു. നീന്തല്‍ അറിയാവുന്ന അധ്യാപകരായിരുന്നു അന്ന് നാല്പതോളം കുട്ടികളെ രക്ഷപ്പെടുത്തിയത്.

തേക്കടി ബോട്ടപകടം

45 പേരുടെ ജീവനെടുത്ത ബോട്ടപകടമായിരുന്നു തേക്കടിയില്‍ 2009 സെപ്റ്റംബര്‍ 30ന് ഉണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വച്ചായിരുന്നു കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരില്‍ ഏഴ് കുട്ടികളും പെടുന്നു. ബോട്ടില്‍ കയറാവുന്നതിലുമധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിര്‍മാണവുമെല്ലാം അപകടകാരണങ്ങളായി അന്ന് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.

മട്ടാഞ്ചേരി ബോട്ടപകടം

2015ല്‍ ഫോര്‍ട്ട് കൊച്ചി- വൈപ്പിനില്‍ ഉണ്ടായ ബോട്ടപകടത്തില്‍ അന്ന് മരിച്ചത് പതിനൊന്ന് പേരായിരുന്നു. കൊച്ചി നഗരസഭയുടെ എം ബി ഭാരതെന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. യാത്രാബോട്ടിനെ സ്പീഡിലെത്തിയ വള്ളം ഇടിക്കുകയും ബോട്ട് തകരുകയായിരുന്നു. 45 പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അന്നും ബോട്ടിന്റെ കാലപ്പഴക്കം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!