പാഴ്സലുകളില്‍ സ്ലിപ് നിര്‍ബന്ധം, എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നു രേഖപ്പെടുത്തണം; ഉത്തരവിറങ്ങി

0

സംസ്ഥാനത്ത് സമയം രേഖപ്പെടുത്താതെ ഭക്ഷ്യവസ്തുക്കള്‍ പാഴ്സല്‍ നല്‍കുന്നതു നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പാഴ്സല്‍ നല്‍കുന്ന സമയം, എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നീ കാര്യങ്ങള്‍ സ്ലിപ് ആയി രേഖപ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നേരത്തെ പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയൊണൈസ് നിരോധിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരടങ്ങുന്ന ഫോഴ്സ് രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ ചുമതലയായിരിക്കും. ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നിവ ടാസ്‌ക് ഫോഴ്സ് ചെയ്യണം. ഇതിനുപുറമേ മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുമ്പുതന്നെ തടയാനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. ഇതിനായി ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉത്പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് നല്‍കണം.ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കണം. നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുകയും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയും വേണം. വ്യാജ ഓര്‍ഗാനിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, വില്‍പന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കണം.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളില്‍ ആവശ്യമായ അന്വേഷണവും നടപടിയും നടത്തണം. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടും നല്‍കണം. ഹെല്‍ത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിര്‍മ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ആവശ്യമായ വിവരങ്ങള്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണം.

 

Leave A Reply

Your email address will not be published.

error: Content is protected !!