അക്ഷയയുടെപേരില്‍ തട്ടിപ്പ്നടത്തിയാല്‍ നടപടി എടുക്കും- ജില്ലാകലക്ടര്‍

0

കല്‍പറ്റ:അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചുള്ള സ്വകാര്യ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതല്ലയെന്ന് ജില്ലാകലക്ടര്‍ സുഹാസ് എസ്, ഐ എ എസ് അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ മുതലായവ സ്‌കാന്‍ ചെയ്ത് നല്‍കേണ്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി നല്‍കുവാന്‍ സ്വാകര്യ സ്ഥാപനങ്ങളും ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നിരിക്കെ ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ രേഖകള്‍ അന്യവ്യക്തികള്‍ അനധികൃതമായി ഉപയോഗപ്പെടുത്തുവാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ഐ.ടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 66 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് വയനാട് ജില്ലയിലുള്ളത്. അംഗീകൃത കേന്ദ്രങ്ങളുടെ വിശദ വിവരങ്ങള്‍ അക്ഷയയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ രൂപകല്പന, പേര് എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണ ജനകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വില്ലേജ്/ താലൂക്ക് ഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ഇ ഡിസ്ട്രിക്ട്) ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇഗ്രാന്റ്‌സ് എന്നിവയടക്കം പല ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കുവാനുള്ള ആധികാരികമായ പോര്‍ട്ടല്‍ ലോഗിന്‍ സംവിധാനം അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണുള്ളത്. ഈ സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച സര്‍വ്വീസ് ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുക. ഈ നിരക്കുകള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും അക്ഷയ വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിച്ചിട്ടുള്ളതും എല്ലാ ഇടപാടുകള്‍ക്കും പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രത്തിന്റെ രസീത് നല്‍കുന്നതുമാണ്. അക്ഷയ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പ്രോജക്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും ഈ ഓഫീസുകളുമായി ബന്ധപ്പെടാം. സ്വകാര്യ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല. സാങ്കേതിക പരിജ്ഞാനമുള്ള പൊതുജനങ്ങള്‍ക്ക് സ്വന്തം ഇമെയില്‍ ഉപയോഗിച്ച് പരസഹായമില്ലാതെ അപേക്ഷ നല്‍കുവാനായി ഇഡിസ്ട്രിക്ട് മുതലായ പോര്‍ട്ടുകളില്‍ ഉള്ള സൗകര്യംമുഖേനയാണ് പല സ്വകാര്യ സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടുകളില്‍ അപേക്ഷിക്കപ്പെടുന്ന അപേക്ഷകളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം അപേക്ഷകന് മാത്രമാണ്. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍സര്‍ക്കാരേതര സേവനങ്ങള്‍ക്കായി നല്‍കുന്ന വ്യക്തിപരമായ രേഖകളും വിവരങ്ങളും ഭാവിയില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംരംഭമായ അക്ഷയകേന്ദ്രങ്ങളെ സമീപിക്കേണ്ടതാണെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. സംസ്ഥാന ഐ.ടി. വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും നിയന്ത്രണത്തിലുളള അക്ഷയ കേന്ദ്രങ്ങളുടെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി പൊതുജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അക്ഷയ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മാത്രം ആരംഭിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചു ഫ്രാഞ്ചൈസിയിലൂടെ ഉയര്‍ന്ന തുക മുടക്കി ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് സംസ്ഥാന ഐ.ടി. മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച പരസ്യങ്ങളില്‍ ഫ്രാഞ്ചൈസിക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ഐ.ടി. മിഷന്റെയും അംഗീകാരമുണ്ടെന്ന വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
വിവിധ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കുന്ന വിലപ്പെട്ട വ്യക്തിഗത രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആധാര്‍, ഇഡിസ്ട്രിക്ട് തുടങ്ങിയ സര്‍വീസുകള്‍ സര്‍ക്കാര്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മാത്രമേ നടത്താന്‍ പാടുളളുവെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പരാതിയുണ്ടെങ്കില്‍ ബന്ധപ്പെടേണ്ട വഴി

അക്ഷയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസുകളില്‍ അറിയിക്കാം. സംസ്ഥാന തലത്തില്‍ അക്ഷയ ഡയറക്ടറുടെയും ജില്ലാ തലത്തില്‍ കളക്ടര്‍ ചെയര്‍മാന്‍ ആയ ജില്ലാ ഇ ഗവേണന്‍സ് സമിതിയുടെയും നേരിട്ടുളള മേല്‍നോട്ടത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അക്ഷയ കേന്ദ്രങ്ങളെ കുറിച്ചുളള വിവരങ്ങളും സേവനങ്ങളും അക്ഷയയയുടെ www.akshaya.kerela.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലയില്‍ 04936 206265, 206267 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!