ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

0

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു. കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (49) കോടതി ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 25-ന് ആണ് ഉണ്ണികൃഷ്ണന്റെ ഭാര്യ ഷിനി പൊള്ളലേറ്റ് കൊല്ലപ്പെട്ടത്. കുപ്പാടി വില്ലേജില്‍ പ്രതിയുടെ പേരിലുള്ള വീട്ടില്‍ നിന്നും ഭാര്യ ഷിനിയും മക്കളും ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധമാണ് ഷിനിയെ അടുക്കളയില്‍ വച്ച് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ ഷിനി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 681/21 ആയി കേസ് രജിസ്റ്റര്‍ ചെയ്തു . സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട് 2 ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴ കൊടുക്കാനും വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഹാജരായി. എസ്.സി.പി.ഒ.നൂര്‍ മുഹമ്മദ്, സി.പി.ഒ. അനൂപ് പി. ഗുപ്ത എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!