ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം

0

കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കർക്കിടകവാവ് ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണു ആണ്. പരമശിവന്റെ സാന്നിധ്യവും ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിലുണ്ട്. ഇവിടെ ശിവലിംഗ പ്രതിഷ്ഠ കാണാം. “ദക്ഷിണകാശി” എന്നും “ദക്ഷിണ ഗയ” എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം.മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ അമാവാസി ദിവസങ്ങളിൽ ആണ് ബലി ഇടുക. ഈ ക്ഷേത്രത്തിൽ ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവ് ഭഗവദ് പാദങ്ങളിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്ന വിശ്വാസമുണ്ട്. അതിനാൽ അനേകരാണ് ഇവിടെ പിതൃബലി, തിലഹോമം, പിതൃപൂജ എന്നിവ നടത്താൻ എത്തിച്ചേരുന്നത്.

ചരിത്രം

തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രാധാന്യം ചേര രാജാക്കന്മാരാ‍യ ഭാസ്കര രവിവർമ്മൻ I, II എന്നിവരുടെ ചെമ്പ് ആലേഖനങ്ങളിൽ കാണാം. തിരുനെല്ലി ഗ്രാമത്തിൽ നിന്ന് പുരാവസ്തു ഗവേഷകർ ഈ ചെമ്പുതകിടുകൾ കുഴിച്ചെടുത്തിട്ടുണ്ട്. എ.ഡി. 9-ആം നൂറ്റാണ്ട് വരെ ഈ ചെമ്പുതകിടുകൾക്ക് പഴക്കം ഉണ്ട്. ചരിത്ര രേഖകൾ അനുസരിച്ച് തിരുനെല്ലി 16-ആം നൂ‍റ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു.

ഭാസ്കര രവിവർമ്മന്റെ കാലത്ത് ഈ ക്ഷേത്രം ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു. അന്നത്തെ നാണയം ആയ 12 ‘രാശി‘കൾ ഉപയോഗിച്ച് കൊത്തുപണിചെയ്ത കല്ലുകൾ ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്.

ഈ ക്ഷേത്രത്തിന്റെ ചരിത്രം കാസർഗോഡ് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാ‍ജാക്കന്മാരും ആയും ബന്ധപ്പെട്ടു കിടക്കുന്നു. കൂർഗ്ഗിലെ രാജാക്കന്മാരും ആയും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായി ഉള്ള ചില കൽ‌പ്രതിമകളുടെ അവശിഷ്ടങ്ങൾ കൂർഗ്ഗ് രാജാക്കന്മാർ നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. പാപനാശിനി ഗ്രാമം, പഞ്ചതീർത്ഥ ഗ്രാമം എന്നീ രണ്ടു ഗ്രാമങ്ങൾ ഇവിടെ നിലനിന്നിരുന്നു. അജ്ഞാതമായ ചില കാരണങ്ങളാൽ (മിക്കവാറും ഒരു പകർച്ചവ്യാധിയാൽ) ഈ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. ജനങ്ങൾ മാനന്തവാടിക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് അഭയം തേടി. മാനന്തവാടിയിലെ ചില കുടുംബങ്ങൾ തങ്ങളുടെ തായ്‌വഴികൾ ഈ ഗ്രാമങ്ങളിൽ നിന്ന് ആണെന്നു പറയുന്നു.ഈ ക്ഷേത്രത്തിൽ കിണർ ഇല്ല

Leave A Reply

Your email address will not be published.

error: Content is protected !!