സുഗന്ധഗിരി മരംമുറി കേസ്; സസ്‌പെന്‍ഷന്‍ നടപടി മരവിപ്പിച്ചു

0

വയനാട് സുഗന്ധഗിരി അനധികൃത മരം മുറി കേസില്‍ ഡി.എഫ്.ഒ ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മരവിപ്പിച്ചു. സൗത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഷജ്‌ന കരീം, കല്‍പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം. സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഫോസ്റ്റ് ഓഫിസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരായ നടപടിയാണ് മരവിപ്പിച്ചത്. ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടിയ ശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

മരംമുറിയില്‍ ഉന്നത ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. വനം കൊള്ള തടയുന്നതില്‍ ജാഗ്രത കാണിച്ചില്ല, മരംമുറി അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ഒത്താശ ചെയ്തു തുടങ്ങിയ ഗുരുതര കണ്ടെത്തലുകള്‍ സസ്പെന്‍ഷന്‍ ഉത്തരവിലും പറഞ്ഞിരുന്നു. മരംമുറി അന്വേഷിച്ച വനം വിജിലന്‍സ് സംഘം ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് വനം വകുപ്പിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവിറങ്ങുകയും, അതിവേഗത്തില്‍ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തത്.

അതേസമയം, കല്‍പറ്റ റേഞ്ച് ഓഫിസര്‍ കെ. നീതുവിനെ സസ്‌പെന്‍ഡ് ചെയ്ത് കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ് പിന്‍വലിച്ചിട്ടില്ല. മറ്റ് അഞ്ച് ജീവനക്കാരെയും നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുഗന്ധഗിരി അനധികൃത മരംമുറിയില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ഉന്നതതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 1986ല്‍ വൈത്തിരി സുഗന്ധഗിരി കാര്‍ഡമം പ്രോജക്ടിന്റെ ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കര്‍ ഭൂമിയില്‍ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങളാണ് അനധികൃതമായി മുറിച്ച് മാറ്റിയത്. ഇത്രയും ഗുരുതരമായ കണ്ടെത്തലുണ്ടായിട്ടും നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയത് ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് വിമര്‍ശനമുയരുന്നത്. നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് എന്‍സിപി നേതൃത്വവുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!