മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്ക്കരണത്തിലേക്ക്

0

വയനാട് മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്ക്കരണത്തിലേക്ക്. ആദ്യ ഘട്ടമായി രോഗികളുടെ ഒപി ടിക്കറ്റ് രജിസ്ട്രേഷന്‍ കമ്പ്യൂട്ടര്‍വത്കരിച്ചു. ഇതു മൂലം രോഗികളുടെ മുഴുവന്‍ വിവരങ്ങളും കൃത്യമായി ആശുപത്രി ഡാറ്റാ ബാങ്കില്‍ ശേഖരിക്കാനും, ഏതൊരാവശ്യത്തിനും പിന്നീട് വേഗത്തില്‍ തന്നെ എടുക്കാനും സാധിക്കും. അതുപോലെ ഒപി ചീട്ടില്‍ ടോക്കന്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനാല്‍ ഏതൊരു രോഗിക്കും തനിക്ക് കാണേണ്ടുന്ന ഡോക്ടറുടെ അടുത്തെത്തി നമ്പര്‍ പ്രകാരം ചികിത്സ തേടാനും കഴിയും.

അതേസമയം പേപ്പര്‍ ലെസ് ഡിജിറ്റല്‍ ആശുപത്രിയാകാനുള്ള പ്രവര്‍ത്തനങ്ങളുടെ മികച്ച ഒരു തുടക്കമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒപി ടിക്കറ്റ് രജിസ്ട്രേഷന്‍ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ഉദ്ഘാടനം ആര്‍എംഒ ഡോ.സക്കീര്‍ നിര്‍വ്വഹിച്ചു. നിലവില്‍ ജനറല്‍, ട്രൈബ്, ഗര്‍ഭിണികള്‍ അത്യാഹിതം, ആര്‍ ബി എസ് കെ തുടങ്ങി 5 തരം നിറങ്ങളില്‍ അഞ്ച് സീരിയല്‍ നമ്പറുകളിലായാണ് ഒ പി ടിക്കറ്റുകള്‍ വിതരണം ചെയ്ത് വന്നിരുന്നത്. ഈ തരം തിരിവ് മൂലം ഡാറ്റാ ശേഖരണത്തിനും പുനരുപയോഗത്തിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെ നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ സീരിയല്‍ നമ്പറുകളും, ബാര്‍കോഡും ക്രമീകരിച്ചു. ഒരേ നിറത്തിലുള്ള ഒപി ടിക്കറ്റുകളായിരിക്കും നല്‍കുക. പ്രത്യേകം സജ്ജമാക്കിയ സോഫ്റ്റ് വെയറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ആശുപത്രിയിലെ ഒ പി റൂമുകളടക്കമുള്ളവ കൂടി പൂര്‍ണമായി കമ്പ്യൂട്ടര്‍ വത്കരിച്ചാല്‍ രോഗികളുടെയും, ഡോക്ടര്‍മാരുടേയും മുഴുവന്‍ വിവരങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാകും വിധത്തിലാണ് സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പല സ്വകാര്യ ആശുപത്രികളും ചില സര്‍ക്കാര്‍ ആശുപത്രികളും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത്തരത്തില്‍ കമ്പ്യൂട്ടര്‍ വത്കരണം നടത്തിയിട്ടുണ്ട്. ഏറെ വൈകിയാണെങ്കിലും വയനാട് മെഡിക്കല്‍ കോളേജില്‍ ഇത്തരത്തില്‍ ഒരു സംവിധാനം ആരംഭിച്ചത് രോഗികള്‍ക്ക് ഏറെ സഹായകരമാകും.

Leave A Reply

Your email address will not be published.

error: Content is protected !!