സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

0

സമരം ചെയ്യുന്ന സിഎസ്ബി ബാങ്ക് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്ക്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂര്‍ണമായും സ്തംഭിക്കും. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്.

ബാങ്ക് കാനഡ ആസ്ഥാനമായിട്ടുള്ള ഫെയര്‍ഫാക്‌സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തൊഴിലാളികളുടെ പെന്‍ഷന്‍ നിഷേധിക്കുന്നതിനു കള്ളക്കേസുകള്‍ കൊടുക്കുകയും നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപ്പാക്കുകയും ചെയ്‌തെന്നാണ് ആരോപണം. ചെറുകിടക്കാര്‍ക്ക് വായ്പ നല്‍കാതെ ഫെയര്‍ഫാക്‌സ് ഹോള്‍ഡിങ്‌സിന്റെ ഉപ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പ അനുവദിക്കുകയാണെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.

മാനേജ്‌മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുകയാണ്. മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്.

ഇന്ന് പണിമുടക്കും അടുത്ത ദിവസം നാലാം ശനിയാഴ്ചയും തുടര്‍ന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!